
പാരീസ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കും ചേർന്ന് ഐക്യരാഷ്ട്ര സഭയ്ക്കുള്ള ധനസഹായം നിര്‍ത്തിവെച്ചതോടെ ആഗോള തലത്തില്‍ ദിവസവും 2000 എച്ച്‌ഐവി രോഗികളുണ്ടാകുന്നതിന് വഴിയൊരുങ്ങുമെന്നാണ് ഐക്യരാഷ്ട്രസഭ. ട്രംപ് ഭരണകൂടത്തിന്റെ ഉപദേശക സമിതിയായി പ്രവര്‍ത്തിക്കുന്ന ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള പുതിയ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പാണ് (ഡോജ്) അന്തര്‍ദേശീയ വികസനത്തിന് വേണ്ടി മാറ്റിവെക്കുന്ന യുഎസ്എയ്ഡ് വിദേശകരാറുകളുടെ 90 ശതമാനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. ആഗോള തലത്തില്‍ യുഎസ് നല്‍കി വരുന്ന 6000 കോടി ഡോളര്‍ സഹായം നിര്‍ത്തലാക്കാനും യുഎസ് തീരുമാനിച്ചു
ഈ തീരുമാനം വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് യുഎൻ പറയുന്നത്. പ്രത്യേകിച്ചും ആരോഗ്യമേഖലയിലാണ് പ്രതിസന്ധി ഉണ്ടാവുക. പ്രതിരോധ കുത്തിവെപ്പുകളുടെയും പ്രയാസമനുഭവിക്കുന്ന രാജ്യങ്ങളിലേക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുടേയും വിതരണത്തെയും ബാധിക്കുന്നതിനൊപ്പം ആഗോള തലത്തില്‍ എച്ച്‌ഐവി വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള നീക്കങ്ങളെയും യുഎസ് തീരുമാനം ബാധിക്കും.
മസ്‌കിന്റേയും ട്രംപിന്റേയും തീരുമാനം എട്ടോളം രാജ്യങ്ങളില്‍ എച്ച്‌ഐവി ചികിത്സയെത്തിക്കുന്നത് തടസപ്പെടുത്തിയെന്ന് മാര്‍ച്ച് 17 ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. ഹെയ്തി, കെനിയ, ലെസോത്തോ, സൗത്ത് സുഡാന്‍, ബുര്‍ഖിന ഫാസോ, മാലി, നൈജീരിയ, യുക്രെയ്ന്‍ എന്നിവിടങ്ങളിലെ എച്ച്‌ഐവി ചികിത്സകള്‍ക്കാവശ്യമായ വസ്തുക്കള്‍ വരും മാസങ്ങളില്‍ തീരുമെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടില്‍ പറയുന്നത്.