
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഡോളറിന്‍റെ മൂല്യം കുതിച്ചുയരുന്നു. ട്രംപിന്‍റെ വിജയം ഉറപ്പായതിന് പിന്നാലെ കുതിച്ചുയർന്ന ഡോളറിന്‍റെ മൂല്യം ഇപ്പോൾ അത്യുന്നതങ്ങളിലേക്കാണെന്നാണ് സൂചന. അമേരിക്കയയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച തൊഴില്‍ വളര്‍ച്ച ഉണ്ടായതാണ് ഡോളര്‍ ശക്തിയാര്‍ജിക്കാന്‍ മറ്റൊരു കാരണം. ഇതിന്റെ ഫലമായി യു എസ് കടപ്പത്ര വിപണിയില്‍ നിന്നുള്ള വരുമാനം വൻ തോതിൽ ഉയർന്നതും ഡോളറിന് നേട്ടമായി.
ഡോളറിന്‍റെ മൂല്യം അത്യുന്നതങ്ങളിലേക്ക് കുതിക്കുമ്പോൾ ഇന്ത്യക്ക് അത് ശുഭകരമായ വാർത്തയല്ല. ഡോളറിന്‍റെ മൂല്യം ഉയരുന്നതിനനുസരിച്ച് രൂപയുടെ മൂല്യം ഇടിയുകയാണ്. രണ്ടു വര്‍ഷത്തിനിടയില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് ഇന്ത്യൻ കറൻസി ഇന്ന് നേരിട്ടത്. ഇതോടെ രൂപ താഴ്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി. ഡോളറിനെതിരെ 58 പൈസയുടെ ഇടിവ് ഇന്ന് നേരിട്ടതോടെയാണ് രൂപ ഇത്രയും വലിയ തിരിച്ചടി നേരിട്ടത്. 86.62 ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്.
അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതിനൊപ്പം അസംസ്‌കൃത എണ്ണ വിലയുടെ കുതിപ്പും രൂപയുടെ മൂല്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇന്ന് 58 പൈസയുടെ ഇടിവാണ് നേരിട്ടതെങ്കിൽ രണ്ടാഴ്ചക്കിടെ ഒരു രൂപയുടെ ഇടിവാണ് മൊത്തം മൂല്യത്തില്‍ സംഭവിച്ചത്.
അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതും രൂപക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 81 ഡോളറിലേക്ക് നീങ്ങി. ഇറക്കുമതിക്കാര്‍ക്ക് ഇടയില്‍ ഡോളര്‍ ആവശ്യകത വര്‍ധിക്കാന്‍ ഇത് കാരണമായി. ഇതോടെ ഡോളറിന്‍റെ മൂല്യം വർധിച്ചു. സ്വാഭാവികമായും രൂപയുടെ മൂല്യം താഴേക്ക് പോകുകയും ചെയ്തു.
രൂപയുടെ മൂല്യം ഇടിയുന്നതിനൊപ്പം തന്നെ ഓഹരി വിപണിയിലും ഇന്ന് കനത്ത നഷ്ടമാണ് ഉണ്ടായത്. ആയിരത്തിലധികം പോയിന്‍റ് താഴേക്കാണ് സെൻസെക്സ് വീണത്. കൃത്യമായി പറഞ്ഞാൽ 1,048 പോയിന്റ് നഷ്ടത്തോടെ 76,330 ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. 345 പോയിന്റ് നഷ്ടത്തോടെ 23,085 ലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്. പവര്‍ഗ്രിഡ്, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്, സൊമാറ്റോ, ടെക് മഹീന്ദ്ര ഓഹരികളാണ് വലിയ തിരിച്ചടിയേറ്റുവാങ്ങിയത്.