
സൗദി അറേബ്യയുടെ നേതൃത്വത്തിൽ അമേരിക്കയും യുക്രൈനും തമ്മിൽ നടത്തിയ ചർച്ചയിൽ ലോകം കാത്തിരുന്ന സമാധാന വാർത്ത എത്തി. റഷ്യ-യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തലിന് വഴിയൊരുങ്ങുന്നുവെന്നാണ് സൗദിയിൽ നിന്നും പുറത്തുവരുന്ന വാർത്ത. അമേരിക്ക മുന്നോട്ടുവെച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച കരാർ യുക്രൈൻ അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇനി ഇകാര്യത്തിൽ റഷ്യയുടെ നിലപാടാണ് അറിയാനുള്ളത്. നേരത്തെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ തയാറാണെന്ന് പുടിൻ വ്യക്തമാക്കിയ സാഹചര്യത്തിൽ റഷ്യ തീരുമാനം അംഗീകരിക്കും എന്നാണ് വിലയിരുത്തൽ.
അതേസമയം അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശം യുക്രൈൻ അംഗീകരിച്ച സാഹചര്യത്തിൽ നിർത്തിവെച്ച സാമ്പത്തിക സഹായം അമേരിക്ക പുനസ്ഥാപിക്കും. ഇന്റലിജൻസ് വിവരങ്ങൾ നിർത്തിവെച്ചതടക്കമുള്ള അമേരിക്കൻ നടപടിയും പിൻവലിക്കുമെന്നാണ് വ്യക്തമാകുന്നത്.
വെടിനിർത്തൽ സന്നദ്ധത അറിയിച്ചെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യ കൂടി നിബന്ധനകൾ അംഗീകരിച്ചാൽ താത്കാലിക വെടിനിർത്തൽ പരസ്പരം അംഗീകരിച്ച് നീട്ടാം. തടവുകാരുടെ കൈമാറ്റം, സിവിലിയൻ തടവുകാരുടെ മോചനം, പാലായനം ചെയ്യപ്പെട്ട യുക്രൈൻ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണ ചർച്ചയായി. ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ പങ്കാളിത്തം ഉറപ്പാക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിട്ടുണ്ട്.