മുന്നറിയിപ്പുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി; ‘യെമനില്‍ യുഎസ് ആക്രമണം നടത്തരുത്’

മോസ്കോ: യെമനില്‍ യുഎസ് ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ട് റഷ്യ. കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവുന്നതിന് മുമ്പ് പ്രശ്‌നപരിഹാരത്തിനായി രാഷ്ട്രീയചര്‍ച്ചകള്‍ നടത്തണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ് പറഞ്ഞു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ നേരിട്ട് ഫോണിൽ വിളിച്ചാണ് സെര്‍ജി ലാവ് റോവ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, യെമനില്‍ ഹൂതികള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തിയതിന് ശേഷം കടുത്ത മുന്നറിയിപ്പാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ന?കിയിട്ടുള്ളത്. അക്രമം നിര്‍ത്താനും അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നാശം ഹൂതികൾക്ക് നേരിടേണ്ടി വരുമെന്നുമാണ് ട്രംപിന്‍റെ ഭീഷണി. അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നാണ് ഹൂതികളും പ്രതികരിക്കുന്നത്.

‘എല്ലാ ഹൂതി തീവ്രവാദികളോടും പറയുകയാണ്, നിങ്ങളുടെ സമയം കഴിഞ്ഞു. ഇന്നുമുതല്‍ നിങ്ങളുടെ ആക്രമണം നിര്‍ത്തുക. അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ നരകം നിങ്ങളുടെമേല്‍ പെയ്തിറങ്ങും’ – ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റായി രണ്ടാം വട്ടം എത്തിയ ശേഷം ജനുവരി മുതല്‍ ഹൂതികള്‍ക്കെതിരെയുള്ള നടപടി ട്രംപ് ആരംഭിച്ചിരുന്നു.

യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇതുവരെ ഏകദേശം 24 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേലിനെതിരേ ഹൂതികള്‍ ആക്രമണം തുടങ്ങിവെച്ചതിന്റെ പശ്ചാതലത്തിലാണ് അമേരിക്ക തിരിച്ചടി നല്‍കിയത്. അതേസമയം ഇസ്രയേലിനെതിരെയുള്ള നീക്കത്തിന് മറുപടിയായാണ് തങ്ങളുടെ ചെയ്തികളെന്ന് ട്രംപ് പറയുന്നില്ല. മറിച്ച് ചെങ്കടല്‍ വഴിയുള്ള വ്യാപാരക്കപ്പലുകള്‍ക്കുമേല്‍ ഹൂതികള്‍ നടത്തുന്ന ആക്രമണം മുന്‍നിര്‍ത്തിയാണ് യുഎസ് നടപടിയെന്നാണ് വിശദീകരണം.

More Stories from this section

family-dental
witywide