
മുംബൈ : പാന്‍മസാലയില്‍ കുങ്കുമപൊടിയുണ്ടെന്ന പരസ്യം ചര്‍ച്ചയായതിനു പിന്നാലെ ഈ അവകാശവാദത്തിനെതിരെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവരെ ചോദ്യം ചെയ്യും. ജയ്പൂര്‍ ജില്ലാ ഉപഭോക്തൃ പരാതി പരിഹാര സമിതിയാണ് പരസ്യത്തില്‍ അഭിനയിച്ചവരെ വിളിപ്പിച്ചത്. കുങ്കുമപ്പൂവിന്റെ രുചിയുള്ള ഗുട്ട്കയെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാര്‍ച്ച് 19-നകം മറുപടി നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
കിലോക്ക് 4 ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൊടി 5 രൂപയുടെ പാന്‍മസാലയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും, പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് പരാതി. ജയ്പൂര്‍ സ്വദേശി ഉപഭോക്തൃ അവകാശ പ്രവര്‍ത്തകന്‍ യോഗേന്ദ്ര സിംഗ് ബദിയാലിന്റെ പരാതിയിലാണ് കമ്മീഷന്‍ ചെയര്‍മാന്‍ ഗ്യാര്‍സിലാല്‍ മീണയും അംഗം ഹേമലത അഗര്‍വാളും നടപടിയിലേക്ക് കടന്നത്.