സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം : സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തെത്തുടര്‍ന്ന് ആക്രമണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഓള്‍ ഇന്ത്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ) ആവശ്യപ്പെട്ടു.

സെയ്ഫ് അലി ഖാന്റെ വസതിയില്‍ നടന്ന കവര്‍ച്ചാ ശ്രമം ഞെട്ടിച്ചുവെന്നും ആക്രമണം സിനിമാ മേഖലയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും എഐസിഡബ്ല്യുഎ പ്രസിഡന്റ് സുരേഷ് ശ്യാംലാല്‍ ഗുപ്ത പ്രസ്താവനയില്‍ പറഞ്ഞു. ബോളിവുഡ് നടന്‍ ബാബ സിദ്ദിഖിയുടെ ദാരുണമായ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. മുംബൈയിലെ ഉന്നത വ്യക്തികള്‍ക്കെതിരെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കവര്‍ച്ച മാത്രമാണോ അതോ വലിയ തോതില്‍ കൊള്ളയടിക്കലിന് വഴിയൊരുക്കാന്‍ സാധ്യതയുള്ള സംഭവമാണോയെന്ന് സംശയിക്കുന്നുണ്ട്. ബോളിവുഡിലാകെ ഭയം വളര്‍ത്താന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രവൃത്തിയാണോ എന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിപുലമായ അന്വേഷണത്തിന് ആവശ്യം ഉന്നയിച്ചത്.

ബാന്ദ്രയിലെ ആഡംബരപൂര്‍ണമായ നാലു നില മാളികയിലാണ് സെയ്ഫ് അലി ഖാന്‍ താമസിക്കുന്നത്. ഭാര്യ കരീന കപൂറും മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. 2023 ലെ കണക്കുകള്‍ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1,300 കോടിയാണ്. പ്രതിവര്‍ഷം 30 കോടി രൂപ അദ്ദേഹം സമ്പാദിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

More Stories from this section

family-dental
witywide