
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് വീട്ടില്‍വെച്ച് മോഷ്ടാവിന്റെ കുത്തേറ്റതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. എന്നാല്‍ പിടിയിലായ ആളാണോ സെയ്ഫിനെ ആക്രമിച്ചതെന്ന് പൊലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. ആരെയാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് കൃത്യമായ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല.
മുംബൈ പൊലീസ് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്ത് ബാന്ദ്ര സ്റ്റേഷനിലേക്ക് കൊണ്ടുവന്നതായാണ് ദേശീയമാധ്യമങ്ങള്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയിലെ ബാന്ദ്ര പ്രദേശത്തെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ മോഷണത്തിനായി അതിക്രമിച്ചുകയറിയ ഒരാള്‍ സെയ്ഫിനെ പലതവണ കുത്തിപ്പരുക്കേല്‍പ്പിച്ചിരുന്നു. നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. നടന്‍ സുഖംപ്രാപിച്ചുവരുന്നു.