കായംകുളം : മകന്‍ കനിവ് ഉള്‍പ്പെട്ട കഞ്ചാവു കേസില്‍ യു. പ്രതിഭ എംഎല്‍എയ്ക്ക് പിന്തുണയുമായി മന്ത്രി സജി ചെറിയാന്‍. സംഭവം വലിയ രാഷ്ട്രീയ വിവാദമാക്കേണ്ട വിഷയമല്ലെന്നും മന്ത്രി പറഞ്ഞു.
കഞ്ചാവിന്റെ അളവ് ആദ്യം പറഞ്ഞതില്‍നിന്നു പിന്നീട് പലവട്ടം കുറഞ്ഞതായി കാണുന്നു. ഇതു കൂട്ടുകാര്‍ ഒത്തുകൂടുമ്പോഴുണ്ടാകുന്ന കാര്യമായി കണ്ടാല്‍ മതി. പലരും പലതരം പുകവലിക്കുന്നുണ്ട്. ഉന്നതര്‍ വരെ അതിലുണ്ട്. ഇതിന്റെ പേരില്‍ പ്രതിഭയെ രാഷ്ട്രീയമായും വര്‍ഗീയ ചേരിയുണ്ടാക്കിയും വേട്ടയാടാനുള്ള ശ്രമം ശരിയല്ല – മന്ത്രി പറഞ്ഞു.
കുട്ടികളല്ലേ കൂട്ടുകൂടി കാണും, വലിച്ചു കാണും. അതിത്ര വല്യ കാര്യമാണോ. നമ്മുടെ കുട്ടികളല്ലേ, അവർ കൂട്ടുകൂടും. കുട്ടികളായാൽ കമ്പനിയടിക്കും, പുകവലിക്കും. വല്യ മഹാ അപരാധം ചെയ്ത പോലെയാ പറയുന്നത്. ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. മോശപ്പെട്ട കാര്യം ചെയ്തെന്ന് ഒരു കേസിലുമില്ല. എഫ് ഐ ആർ താൻ വായിച്ചു നോക്കിയെന്നും മന്ത്രി.
യു. പ്രതിഭയുടെ മകന്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കനിവ്, സച്ചിന്‍, മിഥുന്‍, ജെറിന്‍, ജോസഫ്, ബെന്‍സ്, സജിത്, അഭിഷേക്, സോജന്‍ എന്നിവരെയാണു സിഐ ആര്‍.ജയരാജും സംഘവും അറസ്റ്റ് ചെയ്തത്. 30 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും കഞ്ചാവ് വലിച്ചതിനുമായിരുന്നു കേസ്. പ്രതിഭയുടെ മകനെതിരെ കഞ്ചാവ് വലിച്ചതിനുള്ള എന്‍ടിപിഎസ് 27 വകുപ്പു മാത്രമാണു ചുമത്തിയത്.
തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.