മിസോറി: ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാനെതിരെ ലൈംഗിക പീഡന ആരോപണങ്ങളുമായി സഹോദരി ആന്‍ ആള്‍ട്ട്മാന്‍ രംഗത്ത്. ഗുരുതരമായ ആരോപണങ്ങളാണ് ആന്‍ നല്‍കിയ കേസില്‍ ഉന്നയിച്ചിരിക്കുന്നത്. 1997 നും 2006 നും ഇടയില്‍ ആള്‍ട്ട്മാന്‍ തന്നെ നിരന്തരം ലൈംഗികമായി ദുരുപയോഗം ചെയ്തതായി ആന്‍ നല്‍കിയ കേസില്‍ ആരോപിക്കുന്നു. ഈ കാലഘട്ടത്തില്‍ ആനിന് മൂന്ന് വയസ്സുമുതല്‍ 12 വയസ്സുവരെയായിരുന്നു പ്രായമെന്നും പരാതിയിലുണ്ട്.
മിസോറിയിലെ ക്ലേട്ടണിലുള്ള അവരുടെ കുടുംബവീട്ടില്‍ വച്ചാണ് തന്നെ ദുരുപയോഗം ചെയ്തതെന്നും ഓറല്‍ സെക്സിലടക്കം സഹോദരന്‍ ഏര്‍പ്പെട്ടെന്നും ആന്‍ വെളിപ്പെടുത്തി. മാത്രമല്ല, ആഴ്ചയില്‍ പലതവണ ഇത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ നടന്നിരുന്നുവെന്നും ആന്‍ അവകാശപ്പെടുന്നു. ഇതോടെ, തനിക്ക് ‘കടുത്ത മാനസിക പ്രയാസവും, വിഷാദവും ഉണ്ടായതായും കേസില്‍ ആരോപിക്കുന്നു.
ഇത് ആദ്യമായല്ല, ആന്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുമ്പ് തന്റെ സഹോദരനെതിരെ എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എങ്കിലും, നിയമനടപടി സ്വീകരിക്കുന്നത് ഇതാദ്യമാണ്.
ലൈംഗികാതിക്രമം, പീഡനം തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പേരുകേട്ട അറ്റോര്‍ണി റയാന്‍ മഹോനിയാണ് ഈ കേസില്‍ ആനിന് ഒപ്പമുള്ളത്. കേസ്, 75,000 ഡോളറില്‍ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ജൂറി വിചാരണ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സാമും കുടുംബവും നിഷേധിച്ചിരിക്കുകയാണ്. സാം ആള്‍ട്ട്മാന്‍, അമ്മ, സഹോദരന്മാരായ ജാക്ക്, മാക്‌സ് എന്നിവരെല്ലാം ആരോപണങ്ങള്‍ നിഷേധിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. തങ്ങളുടെ കുടുംബത്തെക്കുറിച്ചും പ്രത്യേകിച്ച് സാമിനെക്കുറിച്ചും ആന്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ വളരെ വേദനിപ്പിക്കുന്നതും തികച്ചും അസത്യവുമാണെന്ന് കുടുംബം പറഞ്ഞു. മാത്രമല്ല, ആന്‍ മാനസിക വെല്ലുവിളി നേരിടുന്നതായും സഹായിക്കാന്‍ ശ്രമിച്ച കുടുംബാംഗങ്ങളെ ആക്ഷേപിക്കുന്നതിനിടയില്‍ ചികിത്സ പോലും നിരസിച്ചതായും അവര്‍ അവകാശപ്പെട്ടു.
2022 നവംബറില്‍ OpenAI യുടെ ChatGPT ആരംഭിച്ചതിന് ശേഷം സാം ആള്‍ട്ട്മാന്‍ ടെക് വ്യവസായത്തിലെ ഒരു പ്രധാന വ്യക്തിയായി മാറി. മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള OpenAI അടുത്തിടെ 157 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ എത്തി. ബോര്‍ഡ് തര്‍ക്കങ്ങള്‍ കാരണം 2023 നവംബറില്‍ സിഇഒ സ്ഥാനത്ത് നിന്ന് സാമിനെ പുറത്താക്കിയെങ്കിലും, നിക്ഷേപകരുടെയും ജീവനക്കാരുടെയും ശക്തമായ പിന്തുണയെത്തുടര്‍ന്ന് വീണ്ടും കസേരയില്‍ തിരിച്ചെത്തുകയായിരുന്നു.