
ന്യൂഡല്‍ഹി: ചൈനയെ ശത്രുവായി കണക്കാക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയുമായ സാം പിത്രോദയുടെ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തി. ബിജെപി സാം പിത്രോദയുടെ പരാമര്‍ശത്തോട് രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ‘ചൈനയോടുള്ള അമിതമായ ആകര്‍ഷണം’ ആണ് ഇത്തരത്തിലുള്ള പ്രരാമര്‍ശത്തിനു പിന്നിലുള്ളതെന്നായിരുന്നു ബിജെപി വിമര്‍ശിച്ചത്.
ചൈനയോടുള്ള ഇന്ത്യയുടെ സമീപനം ഏറ്റുമുട്ടല്‍ നിറഞ്ഞതാണെന്നും ആ മനോഭാവം മാറ്റേണ്ടതുണ്ടെന്നും പിത്രോദ അവകാശപ്പെട്ടു. ‘ചൈനയില്‍ നിന്നുള്ള ഭീഷണി എനിക്ക് മനസ്സിലാകുന്നില്ല. ഈ വിഷയം പലപ്പോഴും ഊതിപ്പെരുപ്പിക്കപ്പെടുന്നു എന്ന് ഞാന്‍ കരുതുന്നു. എല്ലാ രാജ്യങ്ങളും പരസ്പരം സഹകരിക്കേണ്ട സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു, നേരിടുകയല്ല. തുടക്കം മുതല്‍ തന്നെ നമ്മുടെ സമീപനം ഏറ്റുമുട്ടുന്നതായിരുന്നു, ഈ മനോഭാവം ശത്രുക്കളെ സൃഷ്ടിക്കുന്നു, ഇത് രാജ്യത്തിനുള്ളില്‍ പിന്തുണ നേടുന്നു. ഈ മനോഭാവം നാം മാറ്റുകയും തുടക്കം മുതല്‍ ചൈന ശത്രുവാണെന്ന് കരുതുന്നത് അവസാനിപ്പിക്കുകയും വേണം,’ അദ്ദേഹം പറഞ്ഞതിങ്ങനെ.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ചൈനയില്‍ നിന്നുള്ള ഭീഷണികള്‍ നിയന്ത്രിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്കിടെ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ താന്‍ ഇടപെടാമെന്ന് ട്രംപ് പറഞ്ഞിരുന്നു.
സുരക്ഷാ ആശങ്കകളും വ്യാപാര പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് ചൈന യുഎസിന്റെ പ്രധാന തലവേദനകളില്‍ ഒന്നാണ്. ഇന്ത്യയും അതിര്‍ത്തി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ പ്രതിപക്ഷം അവകാശപ്പെടുന്നത് ചൈന ഇന്ത്യയുടെ ഒരു ഭാഗം നിയന്ത്രിക്കുന്നു എന്നാണ്. ഈ മാസം ആദ്യം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് പ്രസംഗത്തിലും ഇത് വീണ്ടും ഉയര്‍ന്നുവന്നിരുന്നു. 4,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശത്തിന്റെ നിയന്ത്രണം ചൈനയ്ക്കുണ്ടെന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മോദി ഭരണകൂടം രാഹുലിന്റെ അവകാശവാദത്തെ തള്ളിക്കളയുകയും ചെയ്തിരുന്നു.