വാഷിങ്ടൺ: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഒപെക് രാജ്യങ്ങൾ വിചാരിച്ചാൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. സൗദിയും ഒപെക് രാജ്യങ്ങളും എണ്ണവില കുറക്കുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തെ അഭിമുഖീകരിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം.
സൗദിയോടും ഒപെക് രാജ്യങ്ങളോട് എണ്ണവില കുറക്കണമെന്ന് താൻ ആവശ്യപ്പെടാൻ പോവുകയാണ്. എണ്ണവില കുറഞ്ഞാൽ റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. നിങ്ങൾ എണ്ണവില കുറച്ച് യുദ്ധം അവസാനിപ്പിക്കാൻ തയാറാവണം. എണ്ണവില കുറഞ്ഞാൽ അതിനനുസരിച്ച് വായ്പ പലിശനിരക്കുകളും കുറയുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഏത് സമയത്തും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ കാണാൻ തയാറാണെന്ന് ട്രംപ് പറഞ്ഞു. യുക്രൈൻ വിഷയത്തിൽ ചർച്ചക്ക് റഷ്യ തയ്യാറായില്ലെങ്കിൽ അവർക്കെതിരെ ഉപരോധമേർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ആവശ്യത്തോട് അനുകൂല സമീപനമാണ് റഷ്യ സ്വീകരിച്ചത്.
Saudi Arabia can ends Russia-Ukraine war, says Trump