
മലപ്പുറം: മലപ്പുറം താനൂരിൽ പ്ലസ് ടു പരീക്ഷ എഴുതാനായി വീട്ടിൽ നിന്നിറങ്ങിയ ശേഷം കാണാതായ പെൺകുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം മുംബൈയിലേക്ക്. പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി പൊലീസിന് വ്യക്തമായി. ഇവരുടെ അവസാന ലൊക്കേഷൻ മുംബൈ സി എസ് ടിയിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. മുംബൈയിലെത്തി ഫോണിൽ പുതിയ സിം കാർഡ് ഇട്ടതിന്‍റെ ലൊക്കേഷൻ വിവരങ്ങളാണ് കേരള പൊലീസിന് ലഭിച്ചത്. ഇതോടെ പെൺകുട്ടികളെ കണ്ടെത്താനായുള്ള അന്വേഷണം മുംബൈയിലേക്കാക്കിയിട്ടുണ്ട്. മുംബൈയിലെത്തിയ മലപ്പുറത്തെ പെൺകുട്ടികൾക്കൊപ്പം ഒരു യുവാവും ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് ഇവർക്കൊപ്പമുള്ളതെന്നും സൂചനയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടികൾ തിരൂരിൽ നിന്നും ട്രെയിൻ മാർഗമാണ് മുംബൈക്ക് പോയതെന്നാണ് വ്യക്തമായിട്ടുള്ളത്. എടവണ്ണ സ്വദേശിയായ ഒരു യുവാവാണ് പെൺകുട്ടികൾക്കൊപ്പമുള്ളതെന്നാണ് വിവരം. ഇവർ മുംബൈയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവാവ് മുംബൈയിലേക്ക് പോയെന്ന് വീട്ടുകാരും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതോടെ പെൺകുട്ടികൾക്കായുള്ള അന്വേഷണം മുംബൈയിലേക്കും പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെയാണ് ഇന്നലെ ഉച്ചമുതൽ കാണാതായത്.
പരീക്ഷയ്ക്കായി പോയ പ്ലസ് ടു വിദ്യാർഥിനികൾ ഇന്നലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സി സി ടി വി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. തിരൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിലാണ് പെൺകുട്ടികളുടെ ദൃശ്യം പതിഞ്ഞത്. കുട്ടികളുടെ കോൾ റെക്കോർഡുകളടക്കം വിശദമായി പരിശോധിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. മകൾക്ക് പരീക്ഷ പേടി ഇല്ലായിരുന്നുവെന്നും, ഉടനെ ഇരുവരും തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാണാതായ ഫാത്തിമ ഷഹദയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.