
താമരശ്ശേരി: ഓരോ ദിവസം കഴിയുന്തോറും താന്‍ തളരുകയാണെന്ന് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. മകന്റെ കൊലപാതകികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് ഏറെ വിഷമമുണ്ടാക്കുന്നുവെന്ന് ഇഖ്ബാല്‍ പറയുന്നു. പ്രതികളായ 5 വിദ്യാര്‍ഥികള്‍ക്ക് ജുവനൈല്‍ ഹോമില്‍ത്തന്നെ പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയതിലുള്ള മനോവിഷമം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
”കൊലപാതകികളായവരെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് അക്രമം ചെയ്യാന്‍ കുട്ടികളെ വീണ്ടും പ്രേരിപ്പിക്കും. ഈ വര്‍ഷം അവരെ പരീക്ഷയില്‍നിന്ന് മാറ്റി നിര്‍ത്തി അടുത്ത വര്‍ഷം എഴുതിച്ചോട്ടെ. എന്നാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത്, എന്തുചെയ്താലും കുഴപ്പമില്ല എന്ന തോന്നലുണ്ടാക്കും. നാളെ അവര്‍ കോളജുകളില്‍ എത്തും. അപ്പോള്‍ തോക്കു കൊണ്ടുവന്ന് സഹപാഠികളെ വെടിവയ്ക്കില്ല എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ. ഈ സമയത്ത് തടഞ്ഞിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കെങ്കിലും പാഠമാകുമായിരുന്നു. ഓരോ ദിവസം കഴിയുന്തോറും ഞാന്‍ തളരുകയാണ്. പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നില്ല. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ നല്‍കണം”- അദ്ദേഹം പറയുന്നു.
അര്‍ഹമായ ശിക്ഷ നല്‍കി അവരെ മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്നും കൂട്ടമായി മര്‍ദിച്ചാല്‍ കേസില്ലെന്നു വരെ അവര്‍ പറയുന്നു, പ്രതികളിലൊരാളുടെ പിതാവിന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ഇഖ്ബാല്‍ പ്രതികരിച്ചു.
അതേസമയം, നീതിപീഠത്തിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും പ്രതികള്‍ക്ക് വളരെ സ്വാധീനമുണ്ടെന്നും സംഭവത്തിന് പിന്നില്‍ വലിയ നിഗൂഢതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി സ്‌കൂളിലാണ് പ്രതികളായ 5 പേരെ പരീക്ഷ എഴുതിക്കാന്‍ നീക്കം നടത്തിയെങ്കിലും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ ജുവനൈല്‍ ഹോമില്‍ത്തന്നെ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കുകയായിരുന്നു.