
അബുദാബി: യു എ ഇയില്‍ ഇന്ത്യാക്കാരിയുടെ വധശിക്ഷ നടപ്പാക്കി. നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിൽ ഉത്തർ പ്രദേശ് സ്വദേശിനിയായ ഷഹ്സാദി ഖാന്റെ വധശിക്ഷയാണ് യു എ ഇ ഭരണകൂടം നടപ്പിലാക്കിയത്. ഇന്ത്യൻ ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഷഹ്സാദിയുടെ വധശിക്ഷ നടപ്പാക്കിയത്. വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിയാണ് തങ്ങളുടെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് കാട്ടി ഇന്ത്യന്‍ ദമ്പതികൾ നല്‍കിയ കേസിലെ വിചാരണക്കൊടുവിൽ അബുദാബി കോടതിയാണ് വധശിക്ഷ വിധിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് യു എ ഇ നിയമപ്രകാരം വധശിക്ഷ നടപ്പിലാക്കിയതെന്നും ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം ഇന്ന് ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വധശിക്ഷ നടപ്പാക്കിയെന്ന ഔദ്യോഗിക അറിയിപ്പ് യു എ ഇയിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത് ഫെബ്രുവരി 28 നാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു. മകളുടെ അവസ്ഥ അറിയാന്‍ ഷഹ്സാദിന്റെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം അറിയിച്ചത്.
ഉത്തർപ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ 33 കാരിയായ ഷെഹ്സാദി 2021 ലാണ് അബുദാബിയിലെത്തിയത്. തുടർന്ന് ഇവിടെ ഇന്ത്യൻ ദമ്പതികളുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. നാല് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കുകയെന്നതായിരുന്നു ഷെഹ്സാദിയുടെ പ്രധാന ജോലി. എന്നാല്‍ ഒരു ദിവസം കുട്ടി അപ്രതീക്ഷിതമായി മരണപ്പെട്ടു. കുട്ടി മരിക്കാന്‍ കാരണക്കാരി ഷഹ്സാദിയാണെന്ന് ചൂണ്ടിക്കാട്ടി ഫൈസും നസിയയും പരാതി നല്‍കുകയും തുടര്‍ന്ന് ഷഹ്സാദിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാതെയായിരുന്നു കുട്ടി മരിച്ചതെന്നായിരുന്നു ഷഹ്സാദിയുടെ വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. കേസില്‍ ഷഹ്ദാസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അബൂദബി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.