ന്യൂഡല്‍ഹി: ഞായറാഴ്ച നടന്ന 67-ാമത് ഗ്രാമി അവാര്‍ഡുകളില്‍ മികച്ച ലാറ്റിന്‍ പോപ്പ് ആല്‍ബത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഷക്കീറ അത് ‘കുടിയേറ്റ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും’ സമര്‍പ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ജെന്നിഫര്‍ ലോപ്പസില്‍ നിന്ന് ലാസ് മുജെരെസ് യാ നോ ലോറന്‍ എന്ന ഗാനത്തിനാണ് ഷക്കീറ മികച്ച ലാറ്റിന്‍ പോപ്പ് ആല്‍ബത്തിനുള്ള ട്രോഫി കരസ്ഥമാക്കിയത്.
ഡോണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ കോളിളക്കത്തിനിടയിലാണ് കുടിയേറ്റക്കാര്‍ക്ക് പിന്തുണയുമായി ഷക്കീറ എത്തിയത്. ‘ഈ രാജ്യത്തെ എന്റെ എല്ലാ കുടിയേറ്റ സഹോദരങ്ങള്‍ക്കും, ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു. നിങ്ങള്‍ സ്‌നേഹിക്കപ്പെടുന്നു. നിങ്ങള്‍ അതിന് അര്‍ഹരാണ്, ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പം പോരാടും,’ ഷക്കീറ വേദിയില്‍ പറഞ്ഞു.
ഷോയ്ക്ക് മുമ്പ് റെഡ് കാര്‍പെറ്റില്‍വെച്ചും ഷക്കീറ കുടിയേറ്റ വിഷയത്തില്‍ സംസാരിച്ചിരുന്നു. ‘ഞാനും ഒരു സ്വപ്‌നവുമായി ഈ നഗരത്തിലേക്ക് വന്ന ഒരു കുടിയേറ്റക്കാരിയായിരുന്നു. തിരിച്ചടികള്‍ എന്താണെന്ന് എനിക്കറിയാം, പക്ഷേ നമ്മുടെ ആളുകള്‍ എത്ര ശക്തരാണെന്ന് എനിക്കറിയാം. ലാറ്റിനോകള്‍ തടയാനാവാത്തവരാണ്, അവര്‍ക്കൊപ്പവും അവര്‍ക്കുവേണ്ടിയും പോരാടുന്നതില്‍ ഞാന്‍ മടുക്കില്ല. ഒരുമിച്ച്, നമ്മള്‍ സ്ഥിരോത്സാഹം കാണിക്കും” ഷക്കീറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.