
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ വണ്ണത്തിന്റെ പേരില്‍ രൂക്ഷമായി വിമര്‍ശിച്ച് വിവാദത്തിലായ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് രംഗത്ത്. ഇസ്ലാം മതവിശ്വാസികള്‍ റമസാന്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍ ഷമി അതിന് തയ്യാറായില്ലെന്നും മത്സരത്തിനിടെ എനര്‍ജി ഡ്രിങ്ക് കുടിച്ചുവെന്നും കാട്ടി താരത്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. എന്നാല്‍ ഇതിനോട് യോജിക്കാനാകില്ലെന്നാണ് ഷമ പറയുന്നത്.
ഷമി യാത്രയുടെ ഭാഗമാണെന്നതിനാല്‍ അദ്ദേഹം ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ലെന്ന് ഷമ വ്യക്തമാക്കി. ”നമ്മള്‍ യാത്രയിലായിരിക്കുമ്പോള്‍ ഭക്ഷണം ഉപേക്ഷിക്കേണ്ട കാര്യമില്ല. മുഹമ്മദ് ഷമി ഇവിടെ യാത്രയുടെ ഭാഗമാണ്, അദ്ദേഹം സ്വന്തം സ്ഥലത്തല്ല ഉള്ളത്. ഷമി ഒരു മത്സരത്തിന്റെ ഭാഗമാണ്. സ്വാഭാവികമായും അദ്ദേഹത്തിനു ദാഹിക്കും. ഒരു കായിക മത്സരത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെ നമ്മുടെ കര്‍മമാണ് ഏറ്റവും പ്രധാനം.” ഷമ മുഹമ്മദ് മുഹമ്മദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.
ഓസ്‌ട്രേലിയയ്ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമിഫൈനലിനിടെ എനര്‍ജി ഡ്രിങ്ക് കുടിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വ്രതമെടുക്കുന്നില്ലെന്ന് വിമര്‍ശനവും ഉയരുന്നു.
ഇന്ത്യന്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മയ്ക്ക് തടി കൂടുതലാണെന്നും കുറയ്ക്കണമെന്നും ഷമ കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു.