
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളായ ഓസ്ട്രേലിയന്‍ താരം ഷെയ്ൻ വോണിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. 2022 ഏപ്രിലിലായിരുന്നു വോണിന്റെ മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അന്ന് വോണിന്റെ മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവന. എന്നാൽ, വോണിന്റെ മരണത്തിന് പിന്നിൽ ഒരു ഇന്ത്യൻ ലൈംഗിക ഉത്തേജന മരുന്ന് ആയിരിക്കാമെന്നാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ പുതിയ വെളിപ്പെടുത്തൽ. ഡെയിലി മെയിലാണ് വെളിപ്പെടുത്തൽ പുറത്തുവിട്ടിരിക്കുന്നത്. തായ്‌ലൻഡിലെ കോ സമൂവിൽ വെച്ചായിരുന്നു അൻപത്തിരണ്ടുകാരനായ വോണിന്റെ അന്ത്യം.
കാമാഗ്ര എന്ന ഉദ്ധാരണക്കുറവിന് ചിലർ ഉപയോഗിക്കുന്ന മരുന്ന് വോണിന്റെ മൃതശരീരത്തിന് അടുത്തു നിന്നും ലഭിച്ചിരുന്നതായാണ് ഉദ്യോഗസ്ഥൻ പറയുന്നത്. വയാഗ്രയ്ക്ക് സമാനമായ ചേരുവകളാണ് ഈ മരുന്നിലുള്ളതെങ്കിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ഇത് ഉപയോഗിക്കാൻ പാടില്ലെന്നാണ് റിപ്പോർട്ട്. വോണിനെപ്പോലുള്ള പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ മരണവാർത്ത ഇത്തരത്തിൽ പുറത്തുവരരുതെന്ന് ആഗ്രഹിച്ച ഉന്നത സ്ഥാനങ്ങളിലുള്ള ചിലർ സംഭവസ്ഥലത്ത് നിന്നും ഈ മരുന്ന് നീക്കം ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടതായാണ് പേര് വെളിപ്പെടുത്താതെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അവകാശപ്പെടുന്നത്.
അതേസമയം, ക്രിക്കറ്റ് ഇതിഹാസത്തിന്റെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്നായിരുന്നു സൂററ്റ് താനി ആശുപത്രി നടത്തിയ പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തല്‍. ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുടെ സാധ്യത അന്ന് അധികൃതർ തള്ളിക്കളഞ്ഞിരുന്നു. മരണശേഷം, വോണിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കിയ തായ് പൊലീസിന്റെ നടപടിയിൽ അന്ന് സംശങ്ങൾ ഉയർന്നിരുന്നു. മരണകാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നായിരുന്നു പ്രധാന ആരോപണം.