
ന്യൂഡല്‍ഹി : താനെഴുതിയ ലേഖനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രശംസിച്ച് വിവാദത്തിനിരയായ ശശി തരൂര്‍ എംപിയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തരൂരിന്റെ കൂടി ആവശ്യപ്രകാരമാണു കൂടിക്കാഴ്ച എന്നും റിപ്പോര്‍ട്ടുണ്ട്.
സോണിയ ഗാന്ധി താമസിക്കുന്ന വസതിയിലാണു തരൂര്‍ എത്തിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുമായാണ് ശശി തരൂര്‍ സംസാരിച്ചത്. അരമണിക്കൂറോളം ചര്‍ച്ച നീണ്ടു. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും തരൂര്‍ കൂടിക്കാഴ്ച നടത്തി. എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
കേരള സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തെ പ്രശംസിച്ചതും വിവാദമായിരുന്നു. കേരളത്തില്‍ വിഷയം രാഷ്ട്രീയമായി പുകഞ്ഞ സാഹചര്യത്തിലാണു വിശദീകരണം തേടി തരൂരിനെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്. തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ രംഗത്തുവന്നിരുന്നു.
തരൂരിന്റെ പ്രശംസയ്ക്കു സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും ഏറ്റെടുക്കുകയും വലിയ പ്രചാരണം നല്‍കുകയും ചെയ്തതോടെ വിഷയം ആളിക്കത്തുകയും തരൂരിനെ തിരിഞ്ഞുകൊത്തുകയുമായിരുന്നു. എന്നാല്‍, താന്‍ എഴുതിയ ലേഖനത്തിലെ വിവാദത്തിന് തരൂര്‍ രണ്ടു പ്രാവശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ വിശദീകരണം നല്‍കിയിരുന്നു.