
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെയും പിണറായി വിജയൻ സർക്കാറിലെ വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച വിവാദം കത്തിനിൽക്കവേ ശശി തരൂരിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. ഇക്കുറി സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് തരൂരിന്റെ ഓർമ്മപ്പെടുത്തൽ. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റേയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരൂർ അക്രമ രാഷ്ട്രീയത്തിനെതിരെ സംസാരിച്ചത്. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ് എന്നാണ് തരൂർ കുറിച്ചത്.
തരൂരിന്റെ കുറിപ്പ് ഇപ്രകാരം
ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്.