
ധാക്ക: ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന താന്‍ തിരിച്ചെത്തുമെന്നും പ്രതികാരം ചെയ്യുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസിനെ ‘മോബ്സ്റ്റര്‍’ എന്ന് വിളിക്കുകയും അദ്ദേഹം ‘ഭീകരരെ’ അഴിച്ചുവിടുകയും രാജ്യത്ത് ‘അധാര്‍മ്മികത’ വളര്‍ത്തുകയും ചെയ്യുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ഇതിനു മറുപടിയായി, തങ്ങള്‍ അവരെ ഇന്ത്യയില്‍ നിന്ന് തിരികെ കൊണ്ടുവരുന്നതിനാണ് ശ്രമിക്കുന്നതെന്ന് യൂനുസ് സര്‍ക്കാര്‍ പ്രതികരിച്ചു. ഹസീനയെ കൈമാറുന്നത് ഉറപ്പാക്കുന്നത് ഇന്ത്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അതാണ് മുന്‍ഗണനയെന്നും ബഗ്ലാദേശ് സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞു.
2024 ഓഗസ്റ്റ് 5 ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ഒരു പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിനെത്തുടര്‍ന്നാണ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. കഴിഞ്ഞ ജൂലൈയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട നാല് പൊലീസുകാരുടെ ഭാര്യമാരുമായി ഹസീന തിങ്കളാഴ്ച സൂമിലൂടെ സംവദിച്ചിരുന്നു. അവരുടെ ദാരുണമായ നഷ്ടത്തില്‍ അനുശോചിക്കുകയും തിരിച്ചെത്തിയാല്‍ ആ മരണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്നും ഉറപ്പു നല്‍കിയിരുന്നു.
മുഹമ്മദ് യൂനസ് നയിക്കുന്ന ഇടക്കാല സര്‍ക്കാരിന് മുന്നറിയിപ്പായി താന്‍ തീര്‍ച്ഛയായും അധികാരത്തില്‍ തിരിച്ചുവരുമെന്ന് ഹസീന പറഞ്ഞു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കും. അവരുടെ കൊലപാതകികളെ നിയമത്തിന് മുന്‍പില്‍ കൊണ്ട് വന്ന് നിര്‍ത്തും. ഇതിന് വേണ്ടിയാണ് അളളാഹു തന്നെ ജീവനോടെ വച്ചിരിക്കുന്നത് എന്നും ഹസീന പറഞ്ഞു.
‘എന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ കൊലപാതകങ്ങള്‍, ഞാന്‍ തിരിച്ചുവന്ന് ഞങ്ങളുടെ പൊലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യും.’- ഹസീന പറഞ്ഞു.
ഹസീനയുടെ ഭരണകൂടം കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഓഗസ്റ്റുവരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങള്‍ യൂനസ് ആസൂത്രണം ചെയ്ത ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ‘കൊലപാതകി’ മുഹമ്മദ് യൂനസിനെയും ഈ കൊലപാതകങ്ങള്‍ക്ക് കാരണക്കാരായ മറ്റുള്ളവരെയും ‘ബംഗ്ലാ മണ്ണില്‍’ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹസീനയെ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിന്റെ വിദേശകാര്യ ഓഫീസ് ഒരു നയതന്ത്ര കുറിപ്പ് ഇന്ത്യക്ക് സമര്‍പ്പിച്ചിരുന്നു. ന്യൂഡല്‍ഹി അത് സ്വീകരിച്ചതായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണവും നല്‍കിയിട്ടില്ല.