സമൂഹ മാധ്യമത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് ഇടിച്ചുനിരത്തി ; ബംഗ്ലാദേശില്‍ വീണ്ടും കലാപം, ചരിത്രം മായ്ക്കാന്‍ കഴിയില്ലെന്ന് കണ്ണീരോടെ ഹസീന

ന്യൂഡല്‍ഹി : ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യയില്‍ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാര്‍ ഇടിച്ചുനിരത്തിയതായും ഹസീനയുടെ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലദേശ് സ്ഥാപകനും രാഷ്ട്രപിതാവുമായ മുജീബുര്‍ റഹ്മാന്റെ വസതി കൂടിയാണ് കലാപകാരികള്‍ തകര്‍ത്തത്. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. മുജീബുര്‍ റഹ്മാന്റെ മകളാണ് ഷെയ്ഖ് ഹസീന.

ഇപ്പോഴത്തെ കലാപത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് സമൂഹ മാധ്യമത്തിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതാണ. ബുധനാഴ്ച രാത്രി 9നാണ് ഹസീന സമൂഹ മാധ്യമത്തിലൂടെ ബംഗ്ലദേശിലെ പൗരന്മാരോട് സംസാരിച്ചത്. ഇതേസമയത്താണ് കലാപകാരികള്‍ ഒന്നിച്ചെത്തി അവരുടെ വീട് തകര്‍ത്ത് തീയിട്ടത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വീട് ഇടിച്ചുനിരത്തിയതെന്നാണ് വിവരം.

എതിരാളികള്‍ക്ക് ആ കെട്ടിടം ഇല്ലാതാക്കാന്‍ കഴിയും എന്നാല്‍, തന്റെ കുടുംബത്തിന്റെ ചരിത്രം മായ്ക്കാന്‍ കഴിയില്ലെന്ന് കണ്ണീരോടെ ഹസീന പ്രതികരിച്ചു. ‘അവര്‍ എന്തിനാണ് ഒരു വീടിനെ ഭയപ്പെടുന്നത്? ധന്‍മോണ്ടിയുടെ ഓര്‍മ്മകള്‍ക്കായി നമ്മള്‍ ജീവിക്കുന്നു… കഴിഞ്ഞ തവണ അവര്‍ ഈ വീടിന് തീയിട്ടു, ഇപ്പോള്‍ അവര്‍ അത് നശിപ്പിക്കുകയാണ്. ഞാന്‍ ഈ രാജ്യത്തിനായി ഒന്നും ചെയ്തില്ലേ? പിന്നെ എന്തിനാണ് ഇത്രയും അനാദരവ്? എന്റെ സഹോദരിയും ഞാനും മുറുകെപ്പിടിച്ച ഒരേയൊരു ഓര്‍മ്മ തുടച്ചുനീക്കപ്പെടുന്നു… ഇതിന് പിന്നില്‍ ആരാണെന്ന് എന്റെ ജനങ്ങളോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നീതി വേണം… ഒരു ഘടനയെ ഇല്ലാതാക്കാന്‍ കഴിയും, പക്ഷേ ചരിത്രത്തെ ഇല്ലാതാക്കാന്‍ കഴിയില്ല,’ ഹസീന കണ്ണീരോടെ പറഞ്ഞു.

More Stories from this section

family-dental
witywide