ആലപ്പുഴ: ബി ജെ പി പുനഃസംഘടനയിൽ കേരള സംസ്ഥാന ഘടകം അധ്യക്ഷ സ്ഥാനത്തേക്ക് വരെ എത്തുമെന്ന് കരുതപ്പെടുന്ന ശോഭ സുരേന്ദ്രൻ സംഘടന തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആലപ്പുഴയിലെ ബി ജെ പി സംഘടന തെരഞ്ഞെടുപ്പിൽ നിന്നാണ് ശോഭ സുരേന്ദ്രൻ വിട്ടുനിന്നത്. ജില്ലാ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ട ശോഭ അതിന് തയ്യാറായില്ല. ആലപ്പുഴ നോർത്ത് ജില്ലയിലായിരുന്നു ശോഭ വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഓൺലൈനായോ നേരിട്ടോ വോട്ട് ചെയ്യാമെന്നിരിക്കെ ശോഭ, വിട്ടുനിന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.
ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇന്ന് വൈകീട്ട് 3 മണി മുതൽ 5 മണി വരെയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ട സമയം. എന്നാൽ നേരിട്ടോ ഓൺലൈൻ വഴിയോ ശോഭ സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. പാർട്ടിയിലെ പുതിയ മാറ്റം അനുസരിച്ച് ആലപ്പുഴ ജില്ലയെ നോർത്ത്, സൗത്ത് എന്നിങ്ങനെ രണ്ട് ജില്ലകൾ ആയിട്ട് വിഭജിച്ചിരുന്നു. ഇതിൽ നോർത്ത് ജില്ലയിൽ 8 പേരാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. സൗത്ത് ജില്ലയിൽ മൂന്ന് പേരും മത്സരിച്ചു.
സൗത്തിൽ വോട്ട് ചെയ്യേണ്ട 52 പേരും വോട്ട് രേഖപ്പെടുത്തി. നോർത്തിൽ വോട്ട് ചെയ്യേണ്ട 55 പേരിൽ ശോഭ സുരേന്ദ്രൻ ഉൾപ്പടെ രണ്ട് പേർ വോട്ട് രേഖപ്പെടുത്തിയില്ല. ബി ജെ പി സംസ്ഥാന വക്താവ് അഡ്വ. ജെ ആർ പത്മകുമാർ, പുഞ്ചക്കര സുരേന്ദ്രൻ, കെ എസ് രാധാകൃഷ്ണൻ എന്നിവർക്കായിരുന്നു ആലപ്പുഴയിലെ വോട്ടെടുപ്പ് ചുമതല. എന്തായാലും ശോഭയുടെ വിട്ടുനിൽക്കൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറുമെന്ന് ഉറപ്പാണ്.