
അബുദാബി: യു പി സ്വദേശി ഷഹസാദി ഖാനെ വധശിക്ഷയ്ക്ക് വിധേയയാക്കിയെന്ന വാർത്തയുടെ ഞെട്ടൽ മാറും മുന്നേ നടുക്കുന്ന പുതിയ വാർത്ത. യു എ ഇയിൽ രണ്ട് ഇന്ത്യാക്കാരുടെ വധശിക്ഷ കൂടി നടപ്പാക്കിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രണ്ടുപേരും മലയാളികളാണെന്നത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. മലയാളികകളാ മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യു എ ഇ നടപ്പാക്കിയതെന്നാണ് വ്യക്തമായിട്ടുള്ളത്.
ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ യു എ ഇ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. രണ്ട് പേരെയും കൊലപാതക കുറ്റത്തിനാണ് വധശിക്ഷയ്ക്ക് വിധിച്ചത്. യു എ ഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയാണ് കേസ്. മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്. സാധ്യമായ എല്ലാ നിയമ സഹായവും നൽകിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഷഹസാദി ഖാനെ സംസ്കാരം മാറ്റിവെച്ചതായി വിവരം ലഭിച്ചെന്ന് കുടുംബം അറിയിച്ചു. ഇന്ത്യൻ സമയം ബുധനാഴ്ച 3 മണിക്ക് മൃതദേഹം യു എ ഇയിൽ തന്നെ സംസ്കരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഫെബ്രുവരി 15 നാണ് ഷഹസാദിയെ യു എ ഇയിൽ വധശിക്ഷയ്ക്ക് വിധേയയാക്കിയത്. കെയർ ഗീവർ ആയി ജോലി ചെയ്തിരുന്ന വീട്ടിലെ നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ ഷഹസാദിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്.