ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്ത് അനുയായികള്‍ ഡോളുകളുടെ താളത്തിനൊത്ത് നൃത്തം ചെയ്യുകയാണ്. ഫല സൂചനയനുസരിച്ച് നാല്പതിലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്നതിനാല്‍ ബിജെപി അധികാരത്തിലേറുമെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. വന്‍ തിരിച്ചുവരവാണ് പാര്‍ട്ടി നടത്തുന്നത്
അതേസമയം, ആം ആദ്മി പാര്‍ട്ടി (എഎപി) ഓഫീസിന് പുറത്ത് നിശബ്ദതയാണ്. ആഘോഷിക്കാന്‍ ഒന്നുമില്ലാതെ നിരാശയിലാണ് പ്രവര്‍ത്തകര്‍. വിജയം ആഘോഷിക്കുന്നതിനായി ഒരുക്കിയ വേദിയില്‍ പക്ഷേ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ മാത്രമല്ല, ‘അഴിമതി സംവിധാനത്തിനെതിരെയും’ മത്സരിച്ചതിനാല്‍ എഎപി ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും കഠിനമായ പോരാട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പിലേത്.
2013 ല്‍ 28 സീറ്റുകള്‍ നേടി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ആദ്യമായി അധികാരത്തില്‍ വന്നു, പക്ഷേ സര്‍ക്കാര്‍ വെറും 49 ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. 2015 ലെ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടി റെക്കോര്‍ഡിട്ടു. 2020 ലെ തിരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി 62 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ഇതൊക്കെ പഴങ്കഥയാകുന്നതിന്റെ കടുത്ത നിരാശയിലാണ് കെജ്രിവാളും അനുയായികളും.
കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിധൂരിക്കെതിരെ മത്സരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും പിന്നിലാണ്. എഎപിയുടെ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും തങ്ങളുടെ മണ്ഡലങ്ങളില്‍ പിന്നിലാണ്.