![](https://www.nrireporter.com/wp-content/uploads/2025/02/passport.jpg)
ന്യൂഡല്‍ഹി: 2025 ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ളത് സിംഗപ്പൂരിന്. ലോകത്തിലെ 227 രാജ്യങ്ങളില്‍ 193 എണ്ണത്തിലേക്ക് വിസ രഹിത അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ ആക്സസ് ഉള്ള രാജ്യമാണ് സിംഗപ്പൂര്‍.
2015 മുതല്‍ 2025 വരെയുള്ള 10 വര്‍ഷക്കാലത്തെ പാസ്പോര്‍ട്ട് ശക്തി താരതമ്യം ചെയ്യുമ്പോള്‍, പ്രശ്നബാധിതരായ തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയും അമേരിക്കയും വിസ രഹിത പ്രവേശനത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ നഷ്ടം നേരിട്ടു. രണ്ടാം സ്ഥാനത്തായിരുന്ന യുഎസ്, 183 വിസ രഹിത ലക്ഷ്യസ്ഥാനങ്ങളുമായി ഒമ്പതാം സ്ഥാനത്താണ്. പട്ടികയില്‍ ഇന്ത്യ 80-ാം സ്ഥാനത്താണ്.
190 രാജ്യങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന ദക്ഷിണ കൊറിയയും ജപ്പാനും സിംഗപ്പൂരിന് പിന്നാലെ രണ്ടാം സ്ഥാനത്താണ്. മുന്‍കൂര്‍ വിസ ആവശ്യകതകളില്ലാതെ 187 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാവുന്ന സ്‌പെയിന്‍, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
184 രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തോടെ എട്ടാം സ്ഥാനത്തുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സ്(യുഎഇ) ആദ്യ പത്തില്‍ ഇടം നേടിയ ഏക അറബ് രാഷ്ട്രമാണ്. 2015 ല്‍ അവര്‍ 32-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ദശകത്തില്‍ 72 ലക്ഷ്യസ്ഥാനങ്ങള്‍ പട്ടികയില്‍ ചേര്‍ത്തുകൊണ്ട് യുഎഇ പാസ്പോര്‍ട്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്ന രാജ്യമായി ഉയര്‍ന്നു.
അതേസമയം, 2015 ല്‍ രണ്ടാം സ്ഥാനത്തായിരുന്ന വെനിസ്വേല 42 സ്ഥാനങ്ങള്‍ ഇടിഞ്ഞ് 44-ാം സ്ഥാനത്തേക്ക് താഴ്ന്നു. അള്‍ജീരിയ, ഇക്വറ്റോറിയല്‍ ഗിനിയ, താജിക്കിസ്ഥാന്‍ എന്നിവരുമായാണ് ഇന്ത്യ 80-ാം സ്ഥാനം പങ്കിട്ടത്. അയല്‍രാജ്യമായ മ്യാന്‍മര്‍ 88-ാം സ്ഥാനത്താണ്. 42 രാജ്യങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന ശ്രീലങ്ക ഇറാനും സുഡാനുമൊപ്പം 91-ാം സ്ഥാനം പങ്കിട്ടു.
ബംഗ്ലാദേശ് 93-ാം സ്ഥാനത്തും, നേപ്പാള്‍ 94-ാം സ്ഥാനത്തും പാകിസ്ഥാന്‍ യെമനും 96-ാം സ്ഥാനത്തുമാണ്. ലിസ്റ്റില്‍ ഏറ്റവും താഴെ നില്‍ക്കുന്നത് അഫ്ഗാനിസ്ഥാനാണ്. തൊട്ടുമുകളില്‍ സിറിയയും ഇറാഖുമാണുള്ളത്.