
ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. സ്പെയിനിൽ നിന്നുള്ള ഒരു കുടുംബത്തിലെ 5 പേരും അമേരിക്കക്കാരനായ പൈലറ്റുമാണ് കൊല്ലപ്പെട്ടത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു സ്പാനിഷ് കുടുംബം.
അപകടത്തിന്റെ ആദ്യ അറിയിപ്പ് വന്നത് ഉച്ചകഴിഞ്ഞ് 3.15നാണ്. രക്ഷാപ്രവർത്തന ബോട്ടുകൾ ഉടൻ പുറപ്പെട്ടതായി, ന്യൂയോർക്കിലെ ഫയർ കമ്മീഷണർ റോബർട്ട് ടക്കർ പറഞ്ഞു. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ വച്ചും മരിച്ചതായി അധികൃതർ പറഞ്ഞു.
കുടുംബങ്ങളെ അറിയിക്കുന്നതുവരെ മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് ന്യൂയോർക്ക് പോലീസ് കമ്മീഷണർ ജെസീക്ക ടിഷ് പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ഹെലികോപ്റ്റർ തകർന്നു വീണത് മാൻഹട്ടന്റെ പടിഞ്ഞാറൻ ഭാഗത്ത് നദിയിലാണ്. ചുറ്റുമുള്ള പ്രദേശം വെസ്റ്റ് വില്ലേജ് എന്നറിയപ്പെടുന്നു. ഇത് ഷോപ്പിങ്ങിനും ഭക്ഷണത്തിനും പേരുകേട്ട ഒരു ട്രെൻഡി ഏരിയയാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ പ്രധാന കാമ്പസിനും സമീപമാണ് ഈ സ്ഥലം.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ ആകാശത്ത് നിന്ന് തലകീഴായി ഹഡ്‌സൺ നദിയിലേക്ക് വീഴുന്നത് കാണാം. ന്യൂജേഴ്‌സി തീരത്തേക്ക് നീങ്ങാൻ ജോർജ്ജ് വാഷിംഗ്ടൺ പാലത്തിനു മുകളിൽ നിന്ന് തിരിഞ്ഞ ഉടൻ ഹെലികോപ്റ്ററിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബെൽ 206 2 ബ്ലേഡഡ് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ചുള്ള അന്വേഷണം നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ നേതൃത്വത്തിലായിരിക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു.
സൈറ്റ് സീയിങ് കമ്പനികൾ, ടെലിവിഷൻ ന്യൂ സ്റ്റേഷനുകൾ, പൊലീസ് എന്നിവരാണ് ബെൽ 206 സാധാരണയായി ഉപയോഗിക്കുന്നത്.
2018-ൽ ഒരു ടൂറിസ്റ്റ് ഹെലികോപ്റ്റർ ഈസ്റ്റ് നദിയിൽ തകർന്നു വീണ അപകടത്തിൽ 5 പേർ കൊല്ലപ്പെട്ടിരുന്നു. 2009-ൽ, ഇറ്റാലിയൻ വിനോദസഞ്ചാരികളുമായി പോയ ഒരു ഹെലികോപ്റ്റർ ഹഡ്‌സൺ നദിക്ക് മുകളിൽ ഒരു സ്വകാര്യ വിമാനവുമായി കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചിരുന്നു.
Six dead after helicopter crash in New York Hudson River