
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ 28 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് സുരക്ഷാ ഏജന്‍സികള്‍. ആസിഫ് ഫുജി, സുലൈമാൻ ഷാ, അബു തൽഹ എന്നീ മൂന്ന് ഭീകരാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മാരകമായി ആക്രമണത്തിനു പിന്നിലെ തീവ്രവാദികളെ കണ്ടെത്താനും ഈ ഭയാനകമായ ആക്രമണത്തിന് പിന്നിലെ ക്രൂരമായ പദ്ധതി പുറത്തുകൊണ്ടുവരാനും പരമാവധി ശ്രമിക്കുന്നുണ്ട് സുരക്ഷാ ഏജന്‍സികള്‍.
ദക്ഷിണ കശ്മീരില്‍ ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡില്‍ എന്‍. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു.
കൊല്ലപ്പെട്ടവരില്‍ കൊച്ചിയില്‍ നാവികസേനാ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നര്‍വലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജന്‍സ് ബ്യൂറോ ഓഫിസര്‍ മനീഷ് രഞ്ജനും ഉള്‍പ്പെടുന്നു.
സൈനികവേഷത്തിലെത്തിയ ഭീകരര്‍ ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം.