
ന്യൂഡൽഹി: ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നത് കണ്ട് താൻ ഞെട്ടിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഹലാൽ ഉൽപന്നങ്ങൾ നിരോധിച്ച ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിന്റെ നടപടിക്കെതിരെ ജംഇയ്യതുൽ ഉലമായെ ഹിന്ദ് സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് എസ്.ജി ഇക്കാര്യം പറഞ്ഞത്. ഭക്ഷണങ്ങൾക്ക് മാത്രമല്ല, സിമന്റിന് പോലും ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ‘ഹലാൽ’ എന്നത് ജീവിതരീതിയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹലാൽ സർട്ടിഫിക്കറ്റ് സസ്യേതര ഭക്ഷണങ്ങൾക്ക് മാത്രമല്ലെന്നും ജംഇയ്യതിന്റെ അഭിഭാഷകൻ ഇതിന് മറുപടിയും നൽകി.
സിമന്റിന് പോലും ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതുകണ്ട് ഞായറാഴ്ച താൻ ഞെട്ടിയെന്നും ഇതുകണ്ടാൽ സുപ്രീംകോടതിയും ഞെട്ടുമെന്നും മേത്ത പറഞ്ഞു. ഇരുമ്പുകമ്പികൾക്കും വെള്ളക്കുപ്പികൾക്കും ആട്ടക്കും കടലപ്പൊടിക്കും ഹലാൽ സർട്ടിഫിക്കറ്റ് വേണമെന്നായിരിക്കുന്നു. ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്ന ഏജൻസികൾ ലക്ഷം കോടികളാണ് ഇതിലൂടെ ലാഭം ഉണ്ടാക്കുന്നതെന്നും മേത്ത ആരോപിച്ചു. എന്നാൽ, ഹലാൽ എന്നത് സസ്യേതര ഭക്ഷണങ്ങൾ മാത്രമല്ലെന്നും കേന്ദ്ര സർക്കാർ നയത്തിൽത്തന്നെ ഇക്കാര്യം വ്യക്തമായി നിർവചിച്ചിട്ടുണ്ടെന്നും ജംഇയ്യതിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. എം.ആർ. ഷംഷാദ് മറുപടി നൽകി.
solicitor general tushar mehta shocked to see halal stamp on non meat products