ന്യൂഡല്‍ഹി: ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കു ശേഷം നടന്ന 2025 ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം ബിജെപിക്കൊപ്പമെന്ന് വീണ്ടും ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി വിജയിക്കുമെന്ന് എന്‍ഡിടിവിയുടെ പുതുക്കിയ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. മാത്രമല്ല, ടുഡേയ്സ് ചാണക്യയില്‍ നിന്നുള്ള പുതിയ വിവരവും ആക്‌സിസ് മൈ ഇന്ത്യ, സിഎന്‍എക്‌സ് എന്നീ സര്‍വ്വേഫലങ്ങളും 1998 ന് ശേഷം ആദ്യമായി ദേശീയ തലസ്ഥാനത്ത് ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉറപ്പിക്കുന്നു.
ആക്‌സിസ് മൈ ഇന്ത്യ പോള്‍ ബിജെപി ഡല്‍ഹിയിലെ 70 സീറ്റുകളില്‍ 45 നും 55 നും ഇടയില്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. എഎപിക്ക് 15 മുതല്‍ 25 സീറ്റുകള്‍ വരെ പ്രവചിക്കുന്നു, എന്നാല്‍ സിഎന്‍എക്‌സ് 49 മുതല്‍ 61 വരെ സീറ്റുകള്‍ ബിജെപിയുടെ അക്കാൗണ്ടില്‍ ചേര്‍ക്കുന്നു. ഭരണകക്ഷിയായ എഎപിക്ക് 10-19 സീറ്റുകള്‍ മാത്രമാണ് സിഎന്‍എക്‌സ് പ്രവചിക്കുന്നത്. ടുഡേയ്സ് ചാണക്യ ബിജെപിക്ക് 51 സീറ്റുകളും എഎപിയ്ക്ക് 19 സീറ്റുകളുമാണ് നല്‍കുന്നത്. എന്നാല്‍ ഏറ്റവും ദയനീയ തോല്‍വിയാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്നാണ് ഈ സര്‍വ്വേ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത്. എന്നിരുന്നാലും എക്‌സിറ്റ് പോളുകള്‍ പലപ്പോഴും തെറ്റിയ ചരിത്രമുള്ളതാണ് കോണ്‍ഗ്രസിനാശ്വാസം.