സൈനിക അഭ്യാസത്തിനിടെ ബോംബുകൾ പെയ്തിറങ്ങിയത് സ്വന്തം ജനതക്ക് മേൽ! വ്യോമ സേനയ്ക്ക് സംഭവിച്ചത് വൻ അബദ്ധം, ദക്ഷിണ കൊറിയയിൽ അന്വേഷണം‍‌‌‍

സോൾ: വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിനിടെ ദക്ഷിണ കൊറിയയിൽ ജെറ്റ് വിമാനം ബോംബുകൾ വർഷിച്ചു. വ്യാഴാഴ്ച പരിശീലന പറക്കലിന് ഇടയിലാണ് വൻ അബദ്ധം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. നിരവധി ഗ്രാമീണർക്ക് ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് വിവരം. എംകെ 82 ജനറൽ പർപസ് ബോംബുകളാണ് ഫൈറ്റർ വിമാനത്തിൽ നിന്ന് അബദ്ധത്തിൽ വർഷിക്കപ്പെട്ടത്. ദക്ഷിണ കൊറിയയുടെ കെ എഫ് 16 വിമാനത്തിൽ നിന്നാണ് ബോംബുകൾ പെയ്തിറങ്ങിയത്.

ഫയറിംഗ് റേഞ്ചിന് പുറംമേഖലയിൽ ബോംബ് വർഷിച്ച സംഭവത്തിൽ ദക്ഷിണകൊറിയൻ വ്യോമസേന ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് അപകടമുണ്ടായ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പരിക്ക് പറ്റിയവർക്ക് ഉടൻ രോഗമുക്തി നേടാൻ കഴിയട്ടെ എന്നുമാണ് വ്യോമസേന സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉത്തര കൊറിയൻ അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയുള്ള പോച്ചിയോണിലാണ് ദക്ഷിണ കൊറിയയുടെ വ്യോമ സേന തന്നെ ബോംബ് വർഷിച്ചത്.

സംഭവത്തിൽ ദക്ഷിണ കൊറിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയും നഷ്ടപരിഹാരവും ഉൾപ്പെടെയുള്ളവ ഉടൻ പ്രഖ്യാപിക്കുമെന്നും ദക്ഷിണ കൊറിയ വിശദമാക്കി. വ്യോമ സേനയും കരസേനയും സംയുക്തമായി നടത്തുന്ന ലൈവ് ഫയർ പരിശീലനത്തിനിടയിലാണ് അബദ്ധത്തിൽ ബോംബ് വർഷമുണ്ടായത്.

More Stories from this section

family-dental
witywide