
ന്യൂഡല്‍ഹി: ദക്ഷിണ കൊറിയയില്‍ ഉണ്ടായ കാട്ടുതീ ഇപ്പോള്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലുതും മാരകവുമാണെന്ന് ഔദ്യോഗിക വിലയിരുത്തല്‍. മരണസംഖ്യ 27 ആയി ഉയര്‍ന്നിട്ടുണ്ട്. കുറഞ്ഞത് മൂന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ മരണപ്പെട്ടു. ഒരു അഗ്‌നിശമന ഹെലികോപ്റ്ററിലെ ഒരു പൈലറ്റ് ഒരു പര്‍വത പ്രദേശത്ത് തന്റെ വിമാനം തകര്‍ന്ന് മരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടുതല്‍ വന മേഖല കത്തിനശിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ രേഖപ്പെടുത്തിയ കണക്കു പ്രകാരം 35,000 ഹെക്ടറിലധികം (86,500 ഏക്കര്‍) വനം കത്തിനശിച്ചു. തീ ഇപ്പോഴും ‘വേഗത്തില്‍’ പടരുന്നുണ്ടെന്ന് ദുരന്ത നിവാരണ, സുരക്ഷാ വിഭാഗം മേധാവി ലീ ഹാന്‍-ക്യുങ് അറിയിച്ചു.
വിവിധ പ്രദേശങ്ങളിലായി പന്ത്രണ്ടോളം തീപിടുത്തങ്ങള്‍ ഉണ്ടായതായാണ് വിവരം. തെക്കുകിഴക്കന്‍ പ്രദേശത്തെ നിരവധി മേഖലകള്‍ അഗ്നി വിഴുങ്ങി. ഏകദേശം 37,000 പേര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. തീപിടുത്തത്തെ തുടര്‍ന്ന് റോഡുകളിലെ ഗതാഗതം നിലച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.