ഷിക്കാഗോയില്‍ സൗത്ത് വെസ്റ്റ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ സ്വകാര്യ ജെറ്റ്, അവസാനിമിഷം ലാന്‍ഡിംഗ് ഒഴിവാക്കി , രക്ഷപെടല്‍ തലനാരിഴയ്ക്ക്

ഷിക്കാഗോ: ഷിക്കാഗോ മിഡ്വേ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടയിടി ഒഴിവായത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാവിലെ ചിക്കാഗോ മിഡ്വേ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ സൗത്ത് വെസ്റ്റ് വിമാനവും ഒരു സ്വകാര്യ ജെറ്റും കൂട്ടിയിടിക്കേണ്ടതായിരുന്നു. എന്നാല്‍ പൈലറ്റിന്റെ അവസരോചിത ഇടപെടല്‍ മൂലം ഒഴിവായത് വന്‍ അപകടം.

അനുമതിയില്ലാതെ സ്വകാര്യ ജെറ്റ് റണ്‍വേയിലൂടെ നീങ്ങിയതിനെത്തുടര്‍ന്ന് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 2504 ലാന്‍ഡിംഗ് നിര്‍ത്തി വീണ്ടും പറന്നുയരുകയായിരുന്നു. സംഭവത്തിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയിട്ടുണ്ട്.

സൗത്ത് വെസ്റ്റ് വിമാനം ലാന്‍ഡിനായി എത്തിയ റണ്‍വേയില്‍ ഏതാനും അടി അകലെയായിരുന്നു സ്വകാര്യ ചലഞ്ചര്‍ 350 ജെറ്റ് ഉണ്ടായിരുന്നത്. ബോയിംഗ് 737 ആയ സൗത്ത് വെസ്റ്റ് ഫ്‌ലൈറ്റ് 2504, ഒരു വിനാശകരമായ കൂട്ടിയിടി ഒഴിവാക്കാന്‍ പെട്ടെന്ന് മുകളിലേക്ക് പറന്നുയരുകയായിരുന്നു. തുടര്‍ന്ന് സൗത്ത് വെസ്റ്റ് വിമാനം വിമാനത്താവളത്തിന് ചുറ്റും പറന്ന് ഏകദേശം 10 മിനിറ്റിനുശേഷമാണ് ലാന്‍ഡ് ചെയ്തത്.

അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം നടത്തുന്നുണ്ട്. സ്വകാര്യ വിമാനം ‘അനുമതിയില്ലാതെ എങ്ങനെ റണ്‍വേയില്‍ പ്രവേശിച്ചു എന്നതാണ് പ്രധാന ചോദ്യം.

‘സുരക്ഷാ നടപടിക്രമങ്ങള്‍ ജീവനക്കാര്‍ പാലിച്ചു, വിമാനം അപകടമില്ലാതെ ലാന്‍ഡ് ചെയ്തു, ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയേക്കാള്‍ സൗത്ത് വെസ്റ്റിന് മറ്റൊന്നും പ്രധാനമല്ല.’ എന്നും സംഭവത്തെക്കുറിച്ച് പ്രതികരിച്ച എയര്‍ലൈന്‍ പറഞ്ഞു.

ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ലൈറ്റ്‌റഡാര്‍24 ല്‍ നിന്നുള്ള വിവരം അനുസരിച്ച് യാത്രാ വിമാനം നെബ്രാസ്‌കയിലെ ഒമാഹയില്‍ നിന്നാണ് എത്തിയത്. പ്രാദേശിക സമയം രാവിലെ 9:15 ന് ശേഷമാണ് ഷിക്കാഗോയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.

യുഎസിലെ വിമാനങ്ങളിലെ സുരക്ഷയെ ചോദ്യം ചെയ്യുന്ന മറ്റൊരു സംഭവമായി ഇത് മാറി. വടക്കേ അമേരിക്കയിലുടനീളമുള്ള സമീപകാല സുരക്ഷാ സംബന്ധിയായ സംഭവങ്ങളില്‍ ഏറ്റവും പുതിയതാണ് ഈ അപകടം. തിങ്കളാഴ്ച, ക്യാബിനിലെ പുക കാരണം ഒരു ഡെല്‍റ്റ വിമാനത്തിന് പറന്നുയര്‍ന്ന ശേഷം അറ്റ്‌ലാന്റയിലേക്ക് മടങ്ങേണ്ടിവന്നിരുന്നു. മറ്റൊരു ഡെല്‍റ്റ വിമാനം ഒരു ആഴ്ച മുമ്പ് ടൊറന്റോയില്‍ ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞു. ജനുവരിയില്‍, വാഷിംഗ്ടണ്‍ ഡിസിക്ക് മുകളില്‍ ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ഒരു ആര്‍മി ഹെലികോപ്റ്ററുമായി ആകാശത്ത് കൂട്ടിയിടിച്ച് 67 പേര്‍ മരിച്ചു.

More Stories from this section

family-dental
witywide