
വാഷിംഗ്ടണ്‍ : സൗത്ത് ടെക്‌സാസില്‍ നിന്ന് ചൊവ്വാഴ്ച നടക്കാനിരുന്ന സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്റെ എട്ടാമത്തെ പരീക്ഷണ പറക്കല്‍ സ്‌പേസ് എക്‌സ് മാറ്റിവെച്ചു. കമ്പ്യൂട്ടറുകള്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. ബുധനാഴ്ച വീണ്ടും ശ്രമിക്കാന്‍ കമ്പനി പദ്ധതിയിടുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിച്ചാല്‍ ചൊവ്വാഴ്ച മറ്റൊരു വിക്ഷേപണ ശ്രമം നടത്തുമെന്നും സ്‌പേസ് എക്‌സ് പറഞ്ഞു.
Standing down from today’s flight test attempt. Starship team is determining the next best available opportunity to fly
— SpaceX (@SpaceX) March 3, 2025
പറന്നുയരുന്നതിന് 40 സെക്കന്‍ഡ് മുമ്പ് കൗണ്ട്ഡൗണ്‍ നിര്‍ത്തിവെക്കുകയായിരുന്നു. പരീക്ഷണ പറക്കലിന്റെ ലൈവ് സ്ട്രീമിനിടെയാണ് പ്രഖ്യാപനം വന്നത്.
ഇതിനു മുമ്പ് ജനുവരിയില്‍ നടത്തിയ പരീക്ഷണ വിക്ഷേപണത്തില്‍ ബൂസ്റ്റര്‍ വിജയകരമായി തിരിച്ചെത്തിയിരുന്നു. റോക്കറ്റിന്റെ മുകളിലെ ഭാഗം കത്തിയമരുകയും ചെയ്തിരുന്നു. ഇത്തവണ സുഗമമായ പറക്കലാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നത്.
ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലുതും ശക്തവുമായ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. ഇതിന് 403 അടി ഉയരമുണ്ട്. എന്നുവെച്ചാല്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ ഏകദേശം 100 അടി ഉയരമുണ്ട് ഇതിന്. സൂപ്പര്‍ ഹെവി എന്നറിയപ്പെടുന്ന അതിന്റെ ബൂസ്റ്ററിന് 33 റാപ്റ്റര്‍ എഞ്ചിനുകളാണ് കരുത്ത് പകരുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ആളുകളെ കൊണ്ടുപോകുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്പേസ് എക്സ് ഇതിനകം തന്നെ അതിന്റെ അടിസ്ഥാന രൂപകല്‍പ്പന പരീക്ഷിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഒന്നിലധികം പരീക്ഷണ പറക്കലുകളില്‍ വിശ്വാസ്യത മെച്ചപ്പെടുത്താനാണ് കമ്പനിയുടെ നീക്കം. 2025 ല്‍ കമ്പനിക്ക് 25 വിക്ഷേപണങ്ങള്‍ക്ക് വരെ അംഗീകാരം ലഭിച്ചേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.