
ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിൽ 14 വയസിൽ ജോലിക്കു പ്രവേശിച്ച സോഫ്റ്റ്‌വെയർ എൻജിനീയർ കെയ്‌റാൻ ഖ്വാസിയെ മറന്നോ? ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമിലേക്ക് ഇപ്പോൾ തിരിച്ച് എത്തിയിരിക്കുകയാണ് കെയ്‌റാൻ. 2023ലാണ് കെയ്‌റാന്റെ അക്കൗണ്ട് ലിങ്ക്ഡ്ഇൻ നീക്കം ചെയ്യുകയായിരുന്നു. എന്നാലിപ്പോൾ യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം കെയ്‌റാന് ലിങ്ക്ഡിൻ അക്കൗണ്ട് വീണ്ടും നൽകിയിരിക്കുകയാണ്.
പതിനാറ് വയസ് പൂർത്തിയായതോടെയാണ് പ്ലാറ്റ്‌ഫോമിലേക്ക് കെയ്‌റാന് ലിങ്ക്ഡ്ഇൻ ആക്‌സസ് നൽകിയിരിക്കുന്നത്. സ്വാഗതം പറഞ്ഞ് കെയ്‌റാന്റെ തിരിച്ചുവരവ് ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ ആഘോഷിക്കുന്നുണ്ട്. ഇത്രയും കാലം തങ്ങൾ കെയ്‌റാനെ മിസ് ചെയ്തുവെന്നും പലരും കുറിക്കുന്നു. യുട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത് വീണ്ടും തുടരണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.
16 വയസ് പൂർത്തിയായാൽ മാത്രമേ ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കൂ. അതിന്റെ പശ്ചാത്തലത്തിലാണ് കെയ്‌റാന്റെ അക്കൗണ്ട് നീക്കം ചെയ്തത്. ലിങ്ക്ഡിന്റെ നടപടിയെ അപരിഷ്‌കൃതമെന്നായിരുന്നു അന്നത്തെ കെയ്‌റാന്റെ വിമർശനം ലോകത്തെ ഏറ്റവും മികച്ച എൻജിനീയറിങ് ജോലി ലഭിക്കുന്നതിനാവശ്യമായ എല്ലാ യോഗ്യതയും തനിക്കുണ്ടായിരിക്കെ ഒരു പ്രൊഫണൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് തുടങ്ങുന്നതിനുള്ള യോഗ്യതയില്ലെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കെയ്റാൻ പറഞ്ഞിരുന്നു.