
ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (WFI) യുടെ സസ്പെന്‍ഷന്‍ നീക്കി കായിക മന്ത്രാലയം. ഇതോടെ, ആഭ്യന്തര ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിനും അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്കുള്ള ദേശീയ ടീമുകളെ തിരഞ്ഞെടുക്കുന്നതിനും ഫെഡറേഷനാകും.
അണ്ടര്‍ 15 (U15), അണ്ടര്‍ 20 (U20) ദേശീയ ചാമ്പ്യന്‍ഷിപ്പുകളുടെ തിടുക്കത്തിലുള്ള പ്രഖ്യാപനം നടത്തിയതിന് 2023 ഡിസംബര്‍ 24 നാണ് കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തത്. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാനല്‍ 2023 ഡിസംബര്‍ 21 ന് തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഈ പാനല്‍, ലൈംഗിക ആരോപണ വിധേയനായ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ശക്തികേന്ദ്രമായ ഗോണ്ടയിലെ നന്ദിനി നഗറില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള വേദി തിരഞ്ഞെടുത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഗുസ്തി ഫെഡറേഷന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായും കായിക മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു.