
ദുബൈ: ബ്രിട്ടീഷ് ടെന്നീസ് താരം എമ്മാ റഡുകാനുവിന്‍റെ ചിത്രം അനുമതിയില്ലാതെ പകര്‍ത്തി ശല്യം ചെയ്തയാൾ അറസ്റ്റിൽ. ദുബൈയിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. എമ്മാ റഡുകാനു ഈ വിഷയത്തില്‍ പരാതി നൽകിയിരുന്നു. ഈ മാസം 17ന് ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് താരം ദുരനുഭവം നേരിട്ടത്. സന്ദര്‍ശക വിസയിലെത്തിയ ടൂറിസ്റ്റാണ് അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയതിന് അറസ്റ്റിലായിട്ടുള്ളത്.മത്സരം നടക്കുന്നതിനിടെ എമ്മക്ക് കുറിപ്പ് കൈമാറിയ ശേഷം ഇയാൾ ഫോട്ടോ പകർത്തി താരത്തെ ശല്യം ചെയ്യുന്ന വിധത്തിൽ ഇടപെടുകയായിരുന്നു.
കരച്ചിലടക്കാനാകാതെ എമ്മ അമ്പയറുടെ ഇരിപ്പിടത്തിന് പിറകിൽ പോയി കണ്ണീർ തുടച്ച് മടങ്ങിവരുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. ഇയാൾക്കെതിരായ പരാതി എമ്മ പിന്നീട് പിൻവലിച്ചു. എന്നാൽ താരത്തെ ഇനി സമീപിക്കില്ലെന്ന് പൊലീസ് ഇയാളിൽ നിന്ന് സത്യവാങ് മൂലം എഴുതിവാങ്ങിയിട്ടുണ്ട്. മറ്റ് മത്സരങ്ങൾ കാണാനെത്തുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.