ചോക്‌സിയെ ഇന്ത്യക്ക് വിട്ടുകിട്ടാന്‍ നടപടികള്‍ വേഗത്തിലാക്കുന്നു; സിബിഐ, ഇഡി ഉദ്യോഗസ്ഥരടക്കം ആറംഗ സംഘം ബെല്‍ജിയത്തിലേക്ക്

ന്യൂഡല്‍ഹി : കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വ്യവസായി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റിലായതിന് പിന്നാലെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നു. ഇതിനായി ആറംഗ ഉദ്യോഗസ്ഥ സംഘം ബെല്‍ജിയത്തിലേക്ക് പോകും. ഇവരില്‍ സിബിഐയിലെയും ഇഡിയിലെയും ഉദ്യോഗസ്ഥരുണ്ടാകും.

ഹരീഷ് സാല്‍വെ അടക്കമുള്ള മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചനടത്തി അന്വേഷണ ഏജന്‍സികള്‍ വിദഗ്‌ധോപദേശം തേടിയിട്ടുണ്ടെന്നാണ് സൂചന. മാതാരമല്ല, ബെല്‍ജിയവുമായി വിദേശകാര്യ മന്ത്രാലയവും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

അതേസമയം, ഇന്ത്യക്ക് കൈമാറാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ചോക്‌സിയുടെ അഭിഭാഷകരും നടത്തുന്നുണ്ട്. ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടും, കൂടാതെ ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥയും കോടതിയെ ബോധ്യപ്പെടുത്തുമെന്നും ചോക്‌സിയുടെ അഭിഭാഷകന്‍ പറയുന്നു.

അര്‍ബുദ രോഗത്തിന് ചികിത്സയിലെന്ന് ബല്‍ജിയന്‍ കോടതിയെ അറിയിക്കുമെന്ന് ചോക്‌സിയുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു. ചോക്‌സിയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും തുടക്കം മുതല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അന്വേഷണത്തോട് ചോക്‌സി സഹകരിക്കാം എന്ന് അറിയിച്ചിരുന്നതാണെന്നും അഭിഭാഷകര്‍ പറയുന്നു.

എന്നാല്‍, ചികിത്സയുടെ കാര്യം ചൂണ്ടിക്കാട്ടി മാത്രം ജാമ്യത്തിനു ശ്രമിക്കുന്നതിനെ ഇന്ത്യ എതിര്‍ക്കും. ഗുരുതര കുറ്റകൃത്യം ചെയ്ത ശേഷം അസുഖത്തിന്റെ പേരില്‍ വിചാരണ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഇന്ത്യയും വ്യക്തമാക്കും.

More Stories from this section

family-dental
witywide