
ന്യൂയോര്‍ക്ക്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ 20 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സുദിക്ഷ കൊണങ്കി മരിച്ചതായി പ്രഖ്യാപിക്കണമെന്ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പൊലീസിനോട് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് 20കാരിയായ സുദിക്ഷയെ കാണാതായത്. ഇന്ത്യന്‍ പൗരയും അമേരിക്കയില്‍ സ്ഥിര താമസക്കാരിയുമായ സുദിക്ഷയെ മാര്‍ച്ച് 6 ന് പുന്റ കാന പട്ടണത്തിലെ റിയു റിപ്പബ്ലിക് റിസോര്‍ട്ടിലാണ് അവസാനമായി കണ്ടത്. ഇതിനു സമീപമുള്ള ബീച്ചില്‍ എത്തിയ സുദിക്ഷ പിന്നീട് എവിടെപ്പോയെന്ന് വിവരമൊന്നുമില്ല. യുഎസ് അന്വേഷണ ഏജന്‍സികള്‍ സുദിക്ഷയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കരീബിയന്‍ രാജ്യത്തെ അധികാരികളുമായി സഹകരിക്കുന്നുണ്ട്. ബീച്ചില്‍ വീണ് മരിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും കടലിലും കരയിലും വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം കണ്ടെത്തിയിട്ടില്ല.
അതേസമയം, സുദിക്ഷ മരിച്ചെന്ന് പ്രഖ്യാപിക്കണമെന്ന് കാട്ടി കുടുംബം ഏജന്‍സിക്ക് ഒരു കത്ത് അയച്ചതായി ഡൊമിനിക്കന്‍ റിപ്പബ്ലിക് നാഷണല്‍ പൊലീസ് വക്താവ് ഡീഗോ പെസ്‌ക്വീര ചൊവ്വാഴ്ച പറഞ്ഞതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.