
വാഷിംഗ്ടണ്‍ : ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കാനെത്തിയതിനു പിന്നാലെ കാണാതായ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി സുദീക്ഷ കൊണങ്കിയെ തേടി ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
20 വയസ്സുകാരിയായ യുവതി പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ്. വിര്‍ജീനിയയില്‍ താമസിക്കുന്ന സുദീക്ഷ വസന്തകാല അവധി ആഘോഷിക്കാനാണ് യുഎസില്‍ നിന്നും കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ എത്തിയത്. സുഹൃത്തുക്കളോടൊപ്പമാണ് സുദീക്ഷ എത്തിയത്. ഇവിടെ ഒരു റിസോര്‍ട്ട് സന്ദര്‍ശിച്ച സംഘം ബീച്ചില്‍ പോകുകയും തുടര്‍ന്ന് സുദീക്ഷയെ കാണാതാകുകയുമായിരുന്നു.
തട്ടിക്കൊണ്ടുപോകലുകള്‍ക്കോ, അല്ലെങ്കില്‍ മറ്റ് സംശയാപ്ദമായ തിരോധാനങ്ങള്‍ക്കോ ഇരകളായവര്‍ക്കായി പുറപ്പെടുവിക്കുന്ന ഇന്റര്‍പോളിന്റെ മഞ്ഞ നോട്ടീസാണ് സുദീക്ഷയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ നല്‍കിയിരിക്കുന്നത്. അവസാനമായി കണ്ടത് മാര്‍ച്ച് 6 ന് പുലര്‍ച്ചെ പുന്റകാനയിലെ കടല്‍ത്തീരത്താണ് യുവതിയെ അവസാനമായി കണ്ടത്.
യുവതിക്ക് 1.6 മീറ്റര്‍ ഉയരമുണ്ട്. കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമാണ് പെണ്‍കുട്ടിയുടെ അടയാളമായി നോട്ടീസിലുള്ളത്.
ബീച്ചിലെ തിരയില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചതാകാമെന്ന് പ്രാദേശിക അധികാരികള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന ആശങ്കയാണ് കുടുംബം പങ്കുവയ്ക്കുന്നത്.