
തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴ കൂടുതല്‍ ജില്ലകളില്‍ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 20 വരെ മിക്ക ജില്ലകളിലും വേനല്‍മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പില്‍ പറയുന്നത്.
അതേസമയം, കോഴിക്കോട് കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ഓടയില്‍വീണ് ഇന്നലെ രാത്രി ഒരാളെ കാണാതായി. കോവൂര്‍ സ്വദേശി ശശി (60) ആണ് ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ മണലേരിതാഴത്തെ ബസ് സ്റ്റോപ്പിനടുത്തുള്ള ഓടയുടെ സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ കാല്‍വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു. 2 കിലോമീറ്ററോളം ദൂരം ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.