
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ശരീര ഭാരം കൂടുതലാണെന്നും കുറയ്ക്കണമെന്നും പറഞ്ഞ് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍.
ക്രിക്കറ്റ് മാനസിക ശക്തിയാണ് വേണ്ടതെന്നും കളിക്കാരുടെ ശാരീരിക രൂപവുമായി അതിന് ബന്ധമില്ലെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഫിറ്റ്‌നസ് ആണ് ടീമിലെ ആദ്യ മാനദണ്ഡമെങ്കില്‍, മോഡലുകളെ ടീമില്‍ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ക്ഷമയെ പരിഹസിച്ചു.
‘മെലിഞ്ഞ ആളുകളെ മാത്രമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍, നിങ്ങള്‍ ഒരു മോഡലിംഗ് മത്സരത്തില്‍ പോയി എല്ലാ മോഡലുകളെയും തിരഞ്ഞെടുക്കണമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഇത് അതല്ല,’ നിങ്ങള്‍ക്ക് എത്രത്തോളം നന്നായി ക്രിക്കറ്റ് കളിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചാണ് കാര്യം. ഞങ്ങള്‍ സര്‍ഫറാസ് ഖാനെക്കുറിച്ച് സംസാരിച്ചു – അദ്ദേഹത്തെയും വണ്ണത്തിന്റെ പേരില്‍ വളരെക്കാലം അപകീര്‍ത്തിപ്പെടുത്തി. എന്നാല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്കായി 150 റണ്‍സ് നേടുകയും തുടര്‍ന്ന് രണ്ടോ മൂന്നോ അമ്പത് സ്‌കോറുകള്‍ നേടുകയും ചെയ്താല്‍, എന്താണ് പ്രശ്‌നം? വണ്ണത്തിന് അതില്‍ ഒരു ബന്ധവുമില്ലെന്ന് ഞാന്‍ കരുതുന്നു. അത് നിങ്ങളുടെ മാനസിക ശക്തിയാണ് – അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നന്നായി ബാറ്റ് ചെയ്യുക, ദീര്‍ഘനേരം ബാറ്റ് ചെയ്യുക, റണ്‍സ് നേടുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മ തടിയനാണെന്നും കായികതാരത്തിന് ചേര്‍ന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്ക്കേണ്ടതുണ്ട് എന്നുമാണ് ഷമ എക്സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നും ഷമ വിമര്‍ശിച്ചിരുന്നു. തന്റെ പോസ്റ്റ് ബോഡി ഷെയ്മിങ് ലക്ഷ്യമിട്ടായിരുന്നില്ലെന്നും കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് താന്‍ പറഞ്ഞതെന്നും അവര്‍ പിന്നീട് വിശദീകരണം നല്‍കി. ‘ഒരു കായികതാരം എപ്പോഴും ഫിറ്റ് ആയിരിക്കണം, രോഹിത് ശര്‍മയ്ക്ക് അല്‍പം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് ഞാന്‍ ട്വീറ്റ് ചെയ്തു. ഒരു കാരണവുമില്ലാതെ ഞാന്‍ ആക്രമിക്കപ്പെട്ടു. മുന്‍ ക്യാപ്റ്റന്‍മാരുമായി ഞാന്‍ അദ്ദേഹത്തെ താരതമ്യം ചെയ്തപ്പോള്‍, ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. അതുപറയാന്‍ എനിക്ക് അവകാശമുണ്ട്. അതില്‍ എന്താണ് തെറ്റെന്നും ജനാധിപത്യത്തില്‍ സംസാരിക്കാന്‍ അവകാശമില്ലേ’ എന്നും ഷമ വിവാദത്തിനു പിന്നാലെ ചോദിച്ചിരുന്നു.
കോണ്‍ഗ്രസ് തന്നെ ഷമയെ തള്ളി രംഗത്തെത്തിയിരുന്നു. ഇത് കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍്ഗ്രസ് വ്യക്തമാക്കി. ബിജെപി ഇത് ആയുധമാക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ബിസിസിഐ ഉള്‍പ്പെടെ ഷമയ്‌ക്കെതിരെ രംഗത്തെത്തുകയും രോഹിത്തിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.