
ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പതുമാസമായി കുടുങ്ങിക്കിടന്ന യുഎസ് ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഇന്ത്യന്‍ സമയം ഇന്നുരാവിലെയാണ് ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.27നാണ് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘത്തെ തിരികെ ഭൂമിയിലെത്തിക്കുന്ന ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂളിന്റെ ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്.
കാലാവസ്ഥ കൂടി കണക്കിലെടുത്ത് അറ്റ്ലാന്‍ഡിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ ആണ് ഡ്രാഗണ്‍ പേടകം ലാന്‍ഡ് ചെയ്യുക. പിന്നാലെ നാസയും സ്‌പേസ് എക്‌സും ചേര്‍ന്ന് ഈ ക്യാപ്സൂള്‍ കരയ്‌ക്കെത്തിക്കും.
ഇതൊക്കെ കഴിഞ്ഞ് നേരെ വീടണയാനാകില്ല സുനിതയ്ക്കും സംഘത്തിനും. ലോ-ഗ്രാവിറ്റിയില്‍ നിന്നാണ് ബഹിരാകാശ യാത്രികരുടെ വരവ് എന്നതുകൊണ്ട് തന്നെ ഇവര്‍ക്കുമുന്നില്‍ കടമ്പകേളെറെയുണ്ട്.
സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരടങ്ങുന്ന സംഘത്തിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ നന്നേ പാടുപെടേണ്ടിവരും. അതിനാല്‍ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെത്തിച്ച് ഇവരെ വൈദ്യപരിശോധനയ്ക്ക് ആദ്യം വിധേയമാക്കും. പോസ്റ്റ്-ഫ്‌ലൈറ്റ് പരിശോധനയായിരിക്കും ആദ്യം നടത്തു.
സഞ്ചാരികള്‍ക്ക് ശാരീരിക പിന്തുണ മാത്രമല്ല, ആവശ്യമായ വൈദ്യസഹായവും മാനസിക പിന്തുണയും നാസയുടെ വിദഗ്ധ ഡോക്ടര്‍മാര്‍ നല്‍കും. ബഹിരാകാശ യാത്ര കഴിഞ്ഞെത്തുന്ന എല്ലാ യാത്രികര്‍ക്കും ഇത്തരത്തിലുള്ള റീഹാബിലിറ്റേഷന്‍ പോഗ്രാം നാസ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സഞ്ചാരികളിലെ മാറ്റം പഠിച്ച് ഭാവിയിലേക്കും ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ പഠനം നാസയെ സഹായിക്കും. ഫിസിയോതെറാപ്പിസ്റ്റും, ഫ്‌ലൈറ്റ് സര്‍ജനും, വ്യായാമ വിദഗ്ധനും അടങ്ങുന്ന സംഘമാണ് ഇതിന് നേതൃത്വം നല്‍കുക. മടങ്ങിയെത്തുന്നവര്‍ക്ക് മസാജ് തെറാപ്പി, ഫിസിക്കല്‍ റീക്കണ്ടീഷനിംഗിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ എല്ലാം ഈ സെഷനുകളില്‍ ഉള്‍പ്പെടുന്നു.
ക്രൂ-9 സംഘത്തില്‍ മടങ്ങിയെത്തുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവര്‍ക്ക് ഈ പരിശോധനകളും പരിശീലനങ്ങളുമെല്ലാം പൂര്‍ത്തിയാക്കുകയും ശേഷം ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാനുമായാലേ വീട്ടിലേക്ക് മടങ്ങാനാകൂ. ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോഴുള്ള തീവ്ര പരിശീലനം പോലെ തന്നെ പോസ്റ്റ്-ഫ്‌ലൈറ്റ് റീഹാബിലിറ്റേഷനും പ്രാധാന്യമേറെയാണ്.