
ടെക്‌സസ് : ഒന്‍പതു മാസത്തോളം നീണ്ട ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തിയ സുനിത വില്യംസും ബുച്ച് വില്‍മോറും ആദ്യമായി മാധ്യമങ്ങളോടു സംസാരിച്ചു. ആകാംക്ഷയോടെയാണ് ലോകം അവരുടെ വാക്കുകള്‍ കേട്ടത്. സ്റ്റാര്‍ലൈനര്‍ ബഹിരാകാശ വാഹനത്തില്‍ വീണ്ടും പറക്കുമെന്നും കഴിഞ്ഞ യാത്രയില്‍ നേരിട്ട പോരായ്മകള്‍ പരിഹരിക്കുമെന്നും ഇരുവരും പ്രഖ്യാപിച്ചു.

ഇരുവരെയും വഹിച്ച് ബഹിരാകാശനിലയത്തിലെത്തിയ സ്റ്റാര്‍ലൈനറിനു സാങ്കേതിക തകരാറുകളുണ്ടായതിനെത്തുടര്‍ന്നു നാസ ആളില്ലാതെ തിരികെ എത്തിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്റ്റാര്‍ലൈനറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, വളരെ കാര്യശേഷിയുള്ള ബഹിരാകാശവാഹനമാണ് സ്റ്റാര്‍ലൈനറെന്നും ചില പോരായ്മകള്‍ പരിഹരിക്കാനുണ്ടെന്നുമാണ് യാത്രികരായ സുനിതയും വില്‍മോറും പറഞ്ഞത്.

286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം കഴിഞ്ഞ 18നു തിരിച്ചെത്തിയ ഇരുവരും 12 ദിവസത്തിനുശേഷമാണ് മാധ്യമങ്ങളോടു സംസാരിക്കുന്നത്. നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബഹിരാകാശനിലയത്തിലെയും തിരിച്ചുള്ള യാത്രയിലെയും അനുഭവങ്ങളും പങ്കുവച്ചു.

ഭൂമിയിലെത്തിയ ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനുള്ള ശ്രമങ്ങള്‍ ഇരുവരും തുടരുകയാണ്. ഫിസിക്കല്‍ ട്രെയ്‌നിങ്, ന്യൂട്രീഷന്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വെയ്റ്റ് ലിഫ്റ്റിങ്, സ്‌ക്വാട്‌സ് അടക്കമുള്ള വ്യായാമങ്ങള്‍ എന്നിവയിലൂടെ ആ ശ്രമങ്ങള്‍ തുടരുകയാണ്. അവിടെയായിരിക്കുമ്പോഴും തിരികെ എത്തിയശേഷവും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു ലോകത്തിനുള്ള കരുതലിന് ഇരുവരും നന്ദി പറയുകയും ചെയ്തു.

അസ്ഥിക്കും മസിലുകള്‍ക്കുമുണ്ടാകുമായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ദിവസം പോലും മുടങ്ങാതെ വ്യായാമം ചെയ്തു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ശക്തനായി തോന്നിയത് ഈ ബഹിരാകാശ ജീവിതത്തിലായിരുന്നെന്നു വില്‍മോര്‍ പറയുന്നു. ഒരിക്കല്‍പ്പോലും നിരാശരായില്ല. നാസയുടെ ‘ടീം വര്‍ക്ക്’ ഗുണം ചെയ്തുവെന്നും യാത്രികര്‍ പറഞ്ഞു.

അതേസമയം ഏറെ വിവാദമായ ഇരുവരുടേയും യാത്ര വൈകിയ വിഷയത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും. പ്രശ്‌നപരിഹാരത്തിലേക്കും ഭാവിയിലേക്കുമാണു നോക്കേണ്ടതെന്നുമായിരുന്നു പറയാനുണ്ടായിരുന്നത്. മാത്രമല്ല, കൂടുതല്‍ കാലം ബഹിരാകാശത്തുകഴിയുമ്പോള്‍ മനുഷ്യശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെയുള്ള ഭാവിയാത്രകളില്‍ ഇതു ഗുണം ചെയ്യുമെന്നും ഇരുവരും വ്യക്തമാക്കി.