

ഫ്ലോറിഡ: 9 മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം ലോകത്തിന്‍റെ പ്രിയ പുത്രി സുനിത വില്യംസും സംഘവും ഭൂമിയിലെത്തി. നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്നലെ തിരിച്ച യാത്ര ഇന്ന് പുലർച്ചെ ഫ്ലോറിഡ തീരത്താണ് ഇറങ്ങിയത്. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം 10.35 നാണ് പുറപ്പെട്ടത്. സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമി തൊട്ടു. പതിനേഴ് മണിക്കൂറോളം ദൈര്‍ഘ്യമേറിയ യാത്രയ്ക്ക് ശേഷം ഇന്ന് പുലർച്ചെ 3:27 ഓടെ ഫ്രീഡം ഡ്രാഗണ്‍ പേടകം ഭൂമിയിൽ വന്നിറങ്ങിയത്. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങിയത്.
Splashdown confirmed! #Crew9 is now back on Earth in their @SpaceX Dragon spacecraft. pic.twitter.com/G5tVyqFbAu
— NASA (@NASA) March 18, 2025
കഴിഞ്ഞ സെപ്റ്റംബറിൽ രണ്ട് യാത്രക്കാരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ പേടകം ഇപ്പോൾ മടങ്ങിയെത്തിയത് നാല് പേരുമായി. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ്.
What a sight! The parachutes on @SpaceX's Dragon spacecraft have deployed; #Crew9 will shortly splash down off the coast of Florida near Tallahassee. pic.twitter.com/UcQBVR7q03
— NASA (@NASA) March 18, 2025
ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10:35 നാണ് പേടകം നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും അങ്ങനെ മറ്റൊരു ബഹിരാകാശ യാത്രാ പേടകത്തിൽ കൂടി സഞ്ചരിക്കാനുള്ള അവസരവും കൂടി കിട്ടി. ബോയിംഗ് സ്റ്റാർലൈനറിന് പുറമേ റഷ്യയുടെ സൊയൂസ് പേടകത്തിലും നാസയുടെ സ്പേസ് ഷട്ടിലിലും യാത്ര ചെയ്ത് പരിചയമുള്ളവരാണ് രണ്ട് പേരും. ഇപ്പോൾ ബഹിരാകാശത്ത് കൂടി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഡ്രാഗൺ പേടകത്തിൽ നിന്ന് സോളാർ പാനലുകൾ അടങ്ങിയ ട്രങ്ക് എന്ന ഭാഗം പുലർച്ചെ രണ്ട് മുപ്പത്തിയാറോടെ വേർപ്പെടുത്തും. 2.41ഓടെയാണ് ഡ്രാഗൺ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തിയത്. മൂന്നരയോടെ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്തു. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കും.
2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുകയായിരുന്നു. ഇരുവരെയും ഐഎസ്എസിലെത്തിച്ച ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് നിലയത്തിലെ വാസം 9 മാസത്തിലേറെ നീണ്ടത്. ഇരുവരെയും മടക്കിക്കൊണ്ടുവരാന്‍ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുള്ള തകരാറും ഹീലിയം ചോര്‍ച്ചയും പേടകത്തിന്‍റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കി. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയാണ് ബോയിംഗുമായി ചേര്‍ന്ന് നാസ ചെയ്തത്. ഇതിനെല്ലാം ഒടുവിലാണ് സുനിതയുടെയും ബുച്ചിന്‍റെയും മടക്കയാത്ര 2025 മാര്‍ച്ചിലേക്ക് നീട്ടിയത്. എട്ട് ദിവസ ദൗത്യം 9 മാസത്തിലധികം നീണ്ടെങ്കിലും ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതിയാണ് സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും മടക്കം. ഏറ്റവും കൂടുതല്‍ സമയം സ്പേസ് വോക്ക് നടത്തിയ വനിതയെന്ന നേട്ടം സുനിത ഈ യാത്രയില്‍ സ്വന്തമാക്കിയിരുന്നു.
അതിനിടെ ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം ഇന്ത്യ സന്ദർശിക്കാൻ സുനിത വില്യംസിനെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചിട്ടുണ്ട്. സുനിതയ്ക്കയച്ച പ്രത്യേക കത്തിലാണ് പ്രധാനമന്ത്രിയുടെ ക്ഷണം. ഇന്ത്യയുടെ പ്രിയ പുത്രിയെ കുടുംബസമേതം ഇന്ത്യയിലേക്ക് വരാനാണ് പ്രധാനമന്ത്രി ക്ഷണിച്ചത്. പുലർച്ചെ ഭൂമിയിലെത്തുന്ന സുനിതയ്ക്കും കൂട്ടാളി ബുച്ച് വിൽമോറിനും പ്രധാനമന്ത്രി ശുഭയാത്രയും നേർന്നിട്ടുണ്ട്.