ബഹിരാകാശത്തു ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത എന്ന റെക്കോർഡാണു സ്വന്തമാക്കിയത്. കഴിഞ്ഞദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ സുനിതയുടെ ബഹിരാകാശ നടത്തം ആകെ 62 മണിക്കൂർ 6 മിനിറ്റായി. 2017ൽ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൻ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റെക്കോർഡാണു സുനിത മറികടന്നത്.
‘‘ബഹിരാകാശത്തു നടക്കുന്ന ആദ്യത്തെയോ രണ്ടാമത്തെയോ ആളുകൾ ഞങ്ങളല്ലെന്ന് അറിയാം. പക്ഷേ ഈ നേട്ടം സാധ്യമായി’’– ബഹിരാകാശ നടത്തം അവസാനിക്കുന്നതിനു മുൻപു സുനിത പറഞ്ഞു. സഹയാത്രികൻ ബുച്ച് വിൽമോറിനൊപ്പമായിരുന്നു സുനിതയുടെ നടത്തം. ബഹിരാകാശ നിലയത്തിലെ തകരാറുള്ള റേഡിയോ കമ്യൂണിക്കേഷൻ യൂണിറ്റ് ഇരുവരും വിജയകരമായി നീക്കി. നേരത്തേ 2 തവണ ശ്രമിച്ചിട്ടും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.
Sunita Williams makes history in space sets record for longest spacewalk by a woman