
വാഷിംഗ്ടണ്‍: ഒന്‍പത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന യുഎസ് ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയിലേക്ക് തിരികെ എത്തുമെന്ന് നാസ അറിയിച്ചു. ഞായറാഴ്ച രാവിലെ ഐഎസ്എസില്‍ എത്തിയ സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ പേടകത്തിലാണ് വില്‍മോറും സുനിതയും മറ്റൊരു അമേരിക്കന്‍ ബഹിരാകാശയാത്രികനും ഒരു റഷ്യന്‍ ബഹിരാകാശയാത്രികനുമൊപ്പം ഭൂമിയിലേക്ക് മടങ്ങുക.
ഫ്‌ളോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 5:57 ന് (ഇന്ത്യന്‍ സമയം-ബുധനാഴ്ച പുലര്‍ച്ചെ 3.30ന്) യാത്രികരെയും വഹിച്ചുള്ള പേടകം പതിക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്.
സുനിതയെയും സംഘത്തെയും തിരിച്ചെത്തിക്കാന്‍ നാല് ബഹിരാകാശ സഞ്ചാരികളുമായി ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4:30 ആണ് സ്പേസ് എക്സ് ക്രൂ 10 പേടകം ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ 9 മണിക്ക് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്തു. നാസയിലെ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്‌കോസ്മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് സംഘത്തിലുള്ളത്. ഡോക്കിംഗിന് ശേഷം, ക്രൂ-10 ബഹിരാകാശയാത്രികര്‍ സുനിതയ്ക്കും സംഘത്തിനുമൊപ്പം ചേര്‍ന്നു. നിലവില്‍ ഹാന്‍ഡ് ഓവര്‍ ഡ്യൂട്ടികള്‍ പുരോഗമിക്കുകയാണെന്നും, ഇത് പൂർത്തിയായാല്‍ ഭൂമിയിലേക്കുള്ള ഇവരുടെ യാത്ര ആരംഭിക്കുമെന്നും നാസ വ്യക്തമാക്കി. ബഹിരാകാശത്ത് നിന്നും സുനിതയും സംഘവും ഭൂമിയിലേക്ക് എത്തുന്നതിന്‍റെ ലൈവ് സംപ്രേഷണം ചെയ്യുമെന്നും നാസ അറിയിച്ചു.
ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചത്. മാര്‍ച്ച് 12 ന് ഫ്ലോറിഡയില്‍ നിന്ന് ക്രൂ10 ദൗത്യം നടത്താന്‍ സ്‌പേസ് എക്‌സും നാസയും പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദൗത്യം നീട്ടി വയ്ക്കുകയായിരുന്നു. നാസയും ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10.
9 മാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ച് വില്‍മോറും . കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും, ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. തുടര്‍ന്ന് പേടകത്തിനുണ്ടായ തകരാറുമൂലം മടക്കയാത്ര മുടങ്ങിയിരിക്കുകയായിരുന്നു.