
വാഷിംഗ്ടണ്‍: വെനസ്വേലൻ ഗുണ്ടാസംഘത്തിലെ അംഗങ്ങളെന്ന് ആരോപിക്കപ്പെടുന്നവരെ അമേരിക്കയിൽ നിന്ന് നാടുകടത്തുന്നത് തടഞ്ഞ ഫെഡറൽ ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ്. ഒരു ജുഡീഷ്യൽ തീരുമാനത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തിന് ഇംപീച്ച്മെന്‍റ് ഉചിതമായ പ്രതികരണമല്ലെന്ന് റോബർട്ട്സ് തുറന്നടിച്ചു.
ചീഫ് ജഡ്ജി ജെയിംസ് ബോസ്ബർഗിനെ ഇംപീച്ച് ചെയ്യണമെന്ന് ട്രംപ് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷം റോബർട്ട്സിന്‍റെ പ്രതികരണം. വക്രബുദ്ധിക്കാരായ ജഡ്ജിയെ ഇംപീച്ച് ചെയ്യണം എന്നായിരുന്നു ട്രംപിന്‍റെ വാക്കുകൾ.
റോബർട്ട്സിന്‍റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് ഉടൻ തയാറായിട്ടില്ല. യുദ്ധകാല ഏലിയൻ എനിമീസ് ആക്ട് പ്രകാരം നാടുകടത്തലുകൾക്ക് അനുമതിയുണ്ടെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു കേസ് പരിഗണിക്കവേയാണ് നടപടികളെ ജഡജ് വിമര്‍ശിച്ചത്.
വാഷിംഗ്ടൺ ഡിസി ഫെഡറൽ കോടതിയിൽ തിങ്കളാഴ്ച നടന്ന വാദത്തിനിടെ, ട്രംപ് ഭരണകൂടം ഈ കേസിൽ ഉത്തരവുകൾ ലംഘിച്ചിട്ടുണ്ടോ എന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റിലെ ഒരു ഉന്നത അഭിഭാഷകനോട് ബോസ്ബർഗ് ചോദിച്ചു. ഡിഒജെ അഭിഭാഷകൻ ആ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വിസമ്മതിച്ചു. പിന്നീട് ബോസ്ബർഗിനെ കേസിൽ നിന്ന് മാറ്റാൻ ഡിഒജെ വാഷിംഗ്ടണ്‍ ഡിസിയിലെ ഫെഡറൽ അപ്പീൽ കോടതിയിൽ ആവശ്യപ്പെടുകയും, ബോസ്ബർഗിനോട് അദ്ദേഹത്തിന്‍റെ ഉത്തരവുകൾ റദ്ദാക്കാൻ പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തു.