
ന്യൂഡല്‍ഹി : ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതെങ്കില്‍ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് തുക ലഭിക്കാന്‍ അര്‍ഹതയില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി) യുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി ഉത്തരവ്. 2013ല്‍ ജീവന്‍ ആരോഗ്യ പോളിസി എടുത്ത വ്യക്തിക്ക്, താന്‍ ഒരു കടുത്ത മദ്യപാനിയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ലെന്നും അതിനാല്‍ ക്ലെയിം നിഷേധിക്കാനുള്ള എല്‍ഐസിയുടെ തീരുമാനം ശരിവയ്ക്കുന്നുവെന്നും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍, കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ഹരിയാനയിലെ ഝജ്ജറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്തി ഒരു മാസത്തോളം ചികിത്സയില്‍ കഴിയുകയും ഒടുവില്‍ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.