
ന്യൂഡല്‍ഹി : രാജ്യത്തെ ചര്‍ച്ചയിലേക്ക് നയിക്കുകയും ഞെട്ടിക്കുകയും ചെയ്ത അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി സ്റ്റേ ചെയ്തു. മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിവാദ നിരീക്ഷണം.
വിവാദ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു. പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും വിധിന്യായ വിവാദ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാന്‍ ആകില്ലെന്നായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്‍ശം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണ നേരിടാനുള്ള കീഴ്‌ക്കോട് ഉത്തരവിനെതിരെ രണ്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇത്തരമൊരു പരാമര്‍ശം എത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു