
ജീമോൻ റാന്നി
2001 മാർച്ച് 13 ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ചിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആചരണത്തിന് തുടക്കമായി. രൂപത തലത്തിലുള്ള ഉത്ഘാടനം ചിക്കാഗോ കത്തീഡ്രൽ ദൈവാലയത്തിൽ രൂപത മുൻ അദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ സാന്നിധ്യത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു.
ജൂബിലി ആചരണത്തിൻ്റെ ഇടവക തലത്തിലുള്ള ഔദ്യോഗിക ഉദ്‌ഘാടനം മാർച്ച് 22 ശനിയാഴ്ച വൈകുന്നേരം സെൻ്റ് ജോസഫ് ഹാളിൽ വച്ച് രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. തദ്ദവസരത്തിൽ ഹ്യൂസ്റ്റൺ സെൻ്റ് ജോസഫ് ഇടവകയുടെ 20-ാം വാർഷികത്തിൽ തുടക്കം കുറിച്ച ചാരിറ്റി ഹൗസിംഗ് പ്രോജക്ടിൻ്റെ വീടുകളുടെ സമർപ്പണം ബിഷപ്പ് നിർവഹിച്ചു.
ക്രിസ്തുവിൻ്റെ തിരുജനനത്തിൻ്റെ 2025 -ാം ആണ്ട് മഹാജൂബിലിയുടെയും രൂപതയുടെ സിൽവർ ജൂബിലിയുടെയും ഭാഗമായി ഇടവക നടത്തുന്ന വിവിധ കർമ്മപരിപാടികളെക്കുറിച്ചു ഇടവക വികാരി റവ ഫാ.ജോണിക്കുട്ടി പുലിശ്ശേരിയും ജൂബിലി കോർഡിനേറ്റർ സാബു മാത്യൂസും വിശദീകരിച്ചു. ജൂബിലിയോടനുബന്ധിച്ചു ഇടവക പ്രസിദ്ധീകരിക്കുന്ന ‘Jubilee of Grace – Bible Verses for Reflection and Renewal’ എന്ന ബുക്‌ലെറ്റിൻ്റെ പ്രകാശനം ബിഷപ്പ് ആലപ്പാട്ട് നിർവഹിച്ചു. യുവജന പ്രതിനിധികളായ ആൻ ആൻ്റണിയും ജോയൽ ജോമിയും ബുക്‌ലെറ്റിൻ്റെ കോപ്പി ബിഷപ്പിൽ നിന്ന് ഏറ്റുവാങ്ങി.
ജൂബിലി സമ്മേളനത്തിന് ഇടവക അസി.വികാരി റവ ഫാ.ജോർജ് പാറയിൽ സ്വാഗതവും കൈക്കാരൻ സിജോ ജോസ് നന്ദിയും പ്രകാശിച്ചു.
ഫാ.വർഗ്ഗീസ് കുന്നത്ത്, ഫാ.അനീഷ് ഈറ്റയ്ക്കാകുന്നേൽ, മദർ സി. എമിലിൻ എന്നിവർ പ്രസംഗിച്ചു. കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ്, വർഗ്ഗീസ് കുര്യൻ, ജോജോ തുണ്ടിയിൽ എന്നിവർ നേതൃത്വം നല്കി. യൂത്ത് ബോർഡ്, മിഷൻ ലീഗ്, ഹോളി ചൈൽഡ് ഹുഡ് എന്നീ ഭക്‌ത സംഘടനകൾ അവതരിപ്പിച്ച പരിപാടികളും ക്വയറിൻ്റെ സംഗീത പരിപാടിയും ചടങ്ങിനെ ആകർഷണീയമാക്കി.
Syro-Malabar Diocese of Chicago Jubilee Celebrations begin in Houston parish as well